District News
കാസര്‍ഗോഡ്: ഉപ്പള പത്വാടിയിലെ വീട്ടില്‍നിന്ന് മൂന്നര കിലോ എംഡിഎംഎയും 642 ഗ്രാം കഞ്ചാവും പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.
ഉപ്പള മൊഗര്‍ സ്വദേശി സുഹൈല്‍ (30) ആണ് ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ പ്രതിയായ ഇയാള്‍ ഗള്‍ഫിലേക്ക് കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് അയച്ചിരുന്നു. ഗള്‍ഫില്‍ വച്ച് മറ്റൊരു കേസില്‍ പിടിയിലായ സുഹൈലിനെ അധികൃതര്‍ ഇന്ത്യയിലേക്ക് തിരിച്ചുകയറ്റിവിട്ടു.
ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ ഇയാളെ തടഞ്ഞുവച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. മഞ്ചേശ്വരം പോലീസ് ഡല്‍ഹിയിലെത്തി പ്രതിയുമായി കാസര്‍ഗോട്ടേക്ക് തിരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടകളില്‍ ഒന്നായ പത്വാടി കേസ് അന്വേഷിക്കുന്നത് കാസര്‍ഗോഡ് എഎസ്പി അശോക് അച്യുതിന്റെ മേല്‍നോട്ടത്തിലാണ്.
2024 സെപ്റ്റംബര്‍ 20ന് വൈകുന്നേരം നാലോടെയാണ് പത്വാടിയിലെ അസ്കര്‍ അലി (28) യുടെ വീട്ടില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത്. വീട്ടിലേക്ക് രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അജ്ഞാത വാഹനങ്ങളും ആള്‍ക്കാരും വന്നു പോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷണം നടത്തിയാണ് പോലീസ് അസ്കര്‍ അലിയുടെ വീട്ടില്‍ റെയ്ഡ് നടത്തി മയക്കുമരുന്ന് പിടികൂടിയത്. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ തളങ്കര ബാങ്കോട്ടെ ഷബീബ് ബാഗ് ഹൗസിലെ മുഹമ്മദ് ലിസാന്‍ അലിയെ (32) രണ്ടാഴ്ച മുമ്പ് കര്‍ണാടക മടിക്കേരി കുശാല്‍ നഗറിലെ ഒളിവുകേന്ദ്രത്തില്നിന്നും പിടികൂടിയിരുന്നു.
District News
കാസര്‍ഗോഡ്: അച്ഛനെയും പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശിയും കാസര്‍ഗോഡ് മീപ്പുഗിരിയില്‍ താമസക്കാരനുമായ ഗണേശന് (55), മകള്‍ വൈഷ്ണവി (17) എന്നിവരാണു മരിച്ചത്. ചെമ്മനാട് കോളിയടുക്കം ശിവപുരം ക്ഷേത്രത്തിനു സമീപത്തെ ഇരുനില വാടകവീട്ടിലാണ് ഇരുവരെയും ഒരേ ഫാനിന്റെ ഹുക്കില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പരവനടുക്കം ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ് വൈഷ്ണവി. ഹോം നഴ്സായ കോഴിക്കോട് സ്വദേശിനി ഭാര്യ ഓമന ജോലിസ്ഥലത്തും മകന് വിഷ്ണു കാറ്ററിംഗ് ജോലിക്കും പോയ സമയത്തായിരുന്നു സംഭവം. ശനിയാഴ്ച രാത്രി 11.10 ന് ഗണേശന് അയല്‍വീട്ടിലെത്തി മകളെ കാണാനില്ലെന്ന് അറിയിച്ചു. എന്നാല്‍, വീട്ടിലേക്കു തിരികെപ്പോയ ഗണേശന് വാതില്‍ ഉച്ചത്തില്‍ കൊട്ടിയടച്ചതില്‍ സംശയം തോന്നിയ അയല്‍വാസികള്‍ മേല്‍പറമ്പ് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി അകത്തുനിന്നു പൂട്ടിയ വാതില്‍ ബലംപ്രയോഗിച്ച് തുറന്നു പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിഷ്ണുപ്രിയയാണ് ഗണേശന്റെ മറ്റൊരു മകള്‍. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഗണേശനും കുടുംബവും ശിവപുരത്തെ വാടകവീട്ടിലേക്കു താമസം മാറിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. മേല്‍പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അതേസമയം ഇതേ വാടകവീട്ടില്‍ മുമ്പും രണ്ടുപേര്‍ ജീവനൊടുക്കിയിരുന്നതായി പോലീസ് വ്യക്തമാക്കി. 2025 ഓഗസ്റ്റ് 13ന് ഒരു യുവാവും മൂന്നു മാസങ്ങള്‍ക്ക് ശേഷം ഇയാളുടെ പിതാവും ഇതേവീട്ടില് ആത്മഹത്യ ചെയ്തിരുന്നു.
District News
ശ്രീകണ്ഠപുരം : പാലക്കയം തട്ടിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ വ്യൂ പോയിന്റിന്റെ സ്വാഭാവിക കാഴ്ച മറച്ചുകൊണ്ട് നടക്കുന്ന റിസോർട്ട് നിർമാണത്തിനെതിരെ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ നിർമാണം നിർത്തിവയ്ക്കാൻ കളക്ടറുടെ നിർദേശം.
നടുവിൽ പഞ്ചായത്ത് സെക്രട്ടറിക്കാണ് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് ഇതു സംബന്ധിച്ച നിർദേശം നൽകിയത്. നിർമാണത്തിൽ ചട്ടലംഘനങ്ങളും പ്രദേശത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ഉണ്ടാകാനിടയുള്ള ആഘാതങ്ങളും സംബന്ധിച്ച് നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.
വ്യൂ പോയിന്റിന്റെ കാഴ്ച മറച്ചുകൊണ്ടുള്ള നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങൾ സജീവ് ജോസഫ് എംഎൽഎ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ ആറിന് ജില്ലാ ടൗൺ പ്ലാനർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അംഗീകരിച്ച സൈറ്റ് പ്ലാൻ 2019-ലെ കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. നിർമാണത്തിന്റെ പൂർണമായ ഔട്ട്ലൈൻ, പ്ലോട്ട് അതിരുകളിൽ നിന്നുള്ള സെറ്റ്ബാക്ക് എന്നിവ സൈറ്റ് പ്ലാനിൽ രേഖപ്പെടുത്തിയിട്ടില്ല.
ഗ്രൗണ്ട് ഫ്ലോറിന്റെ ഔട്ട്ലൈൻ മാത്രമാണ് പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ, അംഗീകരിച്ച പ്ലാനിൽ രേഖപ്പെടുത്തിയിരുന്ന പാർക്കിംഗ്സൗകര്യം നിലവിൽ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതിനുപുറമെ, കേരള ദുരന്തനിവാരണ അഥോറിറ്റിയുടെ 2022-ലെ ലാൻഡ് സ്ലൈഡ് സ്പെക്ടബിലിറ്റി മാപ്പ് പ്രകാരം പ്രകാരം പാലക്കയം തട്ട് പ്രദേശം ഹസാർഡ് സോണിൽ ഉൾപ്പെടുന്നതായും ജില്ലാ ടൗൺ പ്ലാനറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഈ സാഹചര്യത്തിൽ പ്രദേശത്ത് നിർമാണ നിയന്ത്രണങ്ങൾ നിലവിലുണ്ടോ എന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ജിയോളജി, സോയിൽ കൺസർവേഷൻ വകുപ്പുകളിൽ നിന്നുള്ള റിപ്പോർട്ടും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ ലഭിക്കുന്നതോടൊപ്പം കെട്ടിട ഉടമ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോ ഉറപ്പുവരുത്തി പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജില്ലാ കളക്ടർ നിർദേശിച്ചിരിക്കുന്നത്.
District News
ഇരിട്ടി: പാലപ്പുഴ കൂടലാട് മേഖലയിൽ വ്യാപകമായി കൃഷിനാശം വരുത്തിയ കാട്ടാനകൾ ഷെഡിനു സമീപം നിർത്തിയിട്ടിരുന്ന ബൈക്ക് തകർത്തു. തുരത്താൻ ശ്രമിക്കുക്കയായിരുന്നു വനംവകുപ്പ് ജീവനക്കാരനെ ആക്രമിക്കാനും നീക്കം നടന്നു. കാട്ടാനയിൽ നിന്ന് താത്കാലിക ജീവനക്കാർ തലനാരിഴയക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ രണ്ടോടെയാണ് ബാവലി പുഴ മുറിച്ചു കടന്ന് രണ്ടാ ആനകൾ കൂടലാട് മേഖലയിൽ എത്തിയത്. കൃഷിയിടത്തിൽ നിന്ന് ശബ്ദം കേട്ടതിനെ തുടർന്ന് വനംവകുപ്പ് താത്കാലിക ജീവനക്കാരനായ ബാബു ടോർച്ചുമായി പറന്പിലെത്തി ആനകളെ ശബ്ദുമുണ്ടാക്കി തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ആനകൾ അക്രമാസക്തരായത്.
ആനകൾ ആക്രമിക്കാനായി ഓടി വന്നതോടെ ബാബു സമീപത്തെ ഷെഡിൽ കയറി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം ഇവ ഷെഡിനു പരിസരത്തായി നിലയുറപ്പിക്കുകയും ചെയ്തു. ഇതിനിടെ ഷെഡിനു സമീപം നിർത്തിയിട്ടിരുന്ന പി. ദിവൻ എന്നയാളുടെ ബൈക്ക് കാട്ടാനകൾ തള്ളി വീഴ്ത്തി തകർക്കുകയായിരുന്നു. വാഴ ഉൾപ്പെടെയുള്ള കാർഷിക വിളകളടക്കം കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്.
കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾ കടന്നു വരാതിരിക്കാൻ ഇവിടെ വൈദ്യുതവേലി സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തന രഹിതമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. ആറളം ഫാമിൽ നിന്നാണ് കാട്ടാനകൾ ഇവിടേക്ക് വരുന്നതെന്നും നാട്ടുകാർ പറഞ്ഞു. വൈദ്യുതവേലിയുടെ അഭാവത്തിൽ ഈ മേഖലയിൽ കാട്ടാനകൾ കടന്നു വന്ന് കൃഷിനാശമുണ്ടാക്കുന്നത് പതിവായിരിക്കുകയാണ്. വൈദ്യുതവേലി പുനസ്ഥാപിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.
District News
കണ്ണൂർ: പഴശി പദ്ധതിയുടെ കനാൽ വാരത്തും തകർന്നു. കണ്ണൂർ കോർപറേഷന്റെ പള്ളിപ്രം ഡിവിഷനിലെ വാരം ശാസ്താംകോട്ടം അന്പലത്തിന് സമീപത്തു കൂടി കടന്നു പോകുന്ന ഓവർ ഹെഡ് കനാലിന്റെ ഭാഗമാണ് ഇന്നലെ വെെകുന്നേരം തകർന്നത്. കനാലിലുടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നില്ല.
അപകട സമയത്ത് കനാലിന്റെ താഴെ ഭാഗത്ത് ആരുമില്ലാതിരുന്നതിനാലാണ് വൻദുരന്തം ഒഴിവായത്. സ്ഥലം സന്ദർശിച്ച ടി.ഒ. മോഹനൻ എംഎൽഎ തകർന്ന കനാൽ അടിയന്തരമായി പൊളിച്ചു നീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്ന് പഴശി ഇറിഗേഷൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
പഴശി കനാലിന്റെ ഭാഗങ്ങൾ തകരുന്നത് ജനങ്ങളിൽ ആശങ്കയും ഭീതിയും ഉയർത്തുന്നുണ്ട്. ഡെപ്യൂട്ടി മേയർ കെ.പി.താഹിർ, കൗൺസിലർ എ.അർഷാദ്, പാർത്ഥൻ ചങ്ങാട്ട്, പ്രദീപൻ ചാത്തന്‍പള്ളി, പി.സി. സജിത്ത്, മധു എന്നിവരും എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
District News
ഇരിട്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന മഹാ റാലിയുടെ പ്രചരണാർഥം സിപിഐ ഇരിട്ടി മേഖലാ പദയാത്ര സംഘടിപ്പിച്ചു. കീഴൂരിൽ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി. ഷാജി ഉദ്ഘാടനം ചെയ്തു.
ഡോ. ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
വിവിധ ഇടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ജാഥ കോളിക്കടവിൽ സമാപിച്ചു. സമാപന പൊതുയോഗം ജില്ലാ കൗൺസിൽ അംഗം ബാബുരാജ് പായം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.ബി. ഉത്തമൻ , ജാഥാ ലീഡർ എം. ദിനേശൻ , മണ്ഡലം കമ്മിറ്റി അംഗം കെ.പി. ബാബു, സന്തോഷ് പാലക്കൽ എന്നിവർ പ്രസംഗിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പായം ബാബുരാജ്, മണ്ഡലം സെക്രട്ടറി കെ.ആർ. ലിജുമോൻ, കെ.പി. പത്മനാഭൻ, ജാഥാ ലീഡർ എം. ദിനേശൻ, ഡെപ്യൂട്ടി ലീഡർ പി. മോഹനൻ, ജാഥാ ഡയറക്ടർ പി.ജി. അശോകൻ , കെ.പി. കുഞ്ഞികൃഷ്ണൻ ,ആർ. സുജി എന്നിവർ പ്രസംഗിച്ചു.
District News
കണ്ണൂർ: ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘ഓണത്തിന് ഒരു കുമ്പിൾ പൂവ്’ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. റീന അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് എഡിഎ ശ്രുതിലക്ഷ്മി പദ്ധതി വിശദീകരിച്ചു. അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് സനില മുഖ്യാതിഥിയായി. അഴീക്കോട് ചാലിലെ കർഷകൻ സിലീഷിന്റെ കൃഷിയിടത്തിലാണ് ചെണ്ടുമല്ലി വിളവെടുപ്പ് നടന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം. വിജേഷ്, പി.എം. ബിന്ദു, ബ്ലോക്ക് മെമ്പർമാരായ കെ.വി. ശ്രീരാഗ്, സി.എച്ച്. അബ്ദുൾ സലാം, സത്യൻ, ഷണ്മുഖൻ, അനില, ജീന, സിതാര എന്നിവർ പങ്കെടുത്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീമ കൂഞ്ചാൽ സ്വാഗതവും അഴീക്കോട് പഞ്ചായത്ത് കൃഷി ഓഫീസർ റമീസ നന്ദിയും പറഞ്ഞു.
District News
കണ്ണൂർ: വർഗീയത വളർത്തുന്ന ഭീഷണിയെ ചെറുത്തുതോൽപ്പിക്കാൻ ദേശാഭിമാനികളായ ജനങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്ന് കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രൻ.
മഹാത്മജി ഉൾപ്പെടെയുള്ള മഹാരഥന്മാരേയും രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തേയും വികലമാക്കുകയും വികൃതമാക്കുകയും ചെയ്യുന്ന ദുഷ്കൃത്യങ്ങളാണ് കേന്ദ്രാധികാരികൾ നടപ്പിലാക്കുന്നതെന്നും കടന്നപ്പള്ളി ആരോപിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ്-എസ് നടത്തിയ മതസാഹോദര്യ സംരക്ഷണദിനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്-എസ് ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. യു. ബാബു ഗോപിനാഥ്, കെ.വി. മനോജ് കുമാർ, എം. ഉണ്ണികൃഷ്ണൻ, സി. അബ്ദുൽ ഖാദർ, രാജേഷ് മാത്യു പുതുപ്പറമ്പിൽ. കെ.പി. ദിലീപ്, കെ.വി. ദേവദാസ് , അഷറഫ് പിലാത്തറ, എൻ.സി.ടി. ഗോപീകൃഷ്ണൻ, കെ.സുലോചന,റനീഷ് മാത്യു, പി.പി.രൺദീപ്, ടി. രാജൻ പി. ജയൻ, കെ.സി. രാമചന്ദ്രൻ , രമേശൻ ഒതയോത്ത് എന്നിവർ പ്രസംഗിച്ചു.
District News
മട്ടന്നൂർ: പഴശി കനാൽ തകർച്ചയുമായി ബന്ധപ്പെട്ട് പ്രദേശവാസികളലുണ്ടായ ആശങ്ക അകറ്റണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. വർഷങ്ങളുടെ പഴക്കവും പരിപാലനത്തിലെ പോരായ്മകളും പ്രകൃതിക്ഷോഭങ്ങളും ചേർന്നു കനാലിന്റെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണ് തെളുപ്പിലുണ്ടായ കനാൽ അണ്ടർ ടണൽ തകർച്ച വ്യക്തമാക്കുന്നത്. ഇതുകാരണം സാധാരണ കുടുംബങ്ങൾക്കുണ്ടായ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും ഗൗരവമായി പരിഗണിക്കേണ്ടതാണ്.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴശി കനാലിന്റെ മുഴുവൻ ശൃംഖലയിലും സമഗ്രമായ സാങ്കേതിക പരിശോധന നടത്തണം. പഴക്കം ചെന്ന കനാലുകൾ, അണ്ടർ ടണലുകൾ, പാലങ്ങൾ, സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവയുടെ സുരക്ഷ വിലയിരുത്തി അപകട സാധ്യതയുള്ള ഭാഗങ്ങൾ അടിയന്തരമായി പുനർ നിർമിക്കണം. കനാലിനോടു ചേർന്ന റോഡുകളും ശാസ്ത്രീയമായി പുനർനിർമിക്കുകയും മഴക്കാലത്ത് ജലനിരപ്പും ഒഴുക്കും നിരീക്ഷിക്കുന്ന സ്ഥിരം സംവിധാനം ഏർപ്പെടുത്തുകയും വേണം.
വെള്ളം കയറിയ വീടുകൾക്കും കൃഷിയിടങ്ങൾക്കുമുണ്ടായ നഷ്ടം കണക്കാക്കി അർഹമായ അടിയന്തര സഹായവും നഷ്ടപരിഹാരവും നൽകണം.
ഗതാഗതം പുനസ്ഥാപിക്കുന്നതുവരെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും താത്കാലിക യാത്രാസൗകര്യവും ഒരുക്കണം. കനാൽ തകർച്ചയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്തുന്നതിനായി സാങ്കേതിക അന്വേഷണം നടത്തി വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദിത്വം നിർണയിക്കുകയും വേണം. പഴശിയിലെ കനാൽ തകർച്ചയിൽ ആശങ്കയിലായ പ്രദേശവാസികൾക്ക് അടിയന്തര സഹായം നൽകുകയും കനാലും റോഡും ശാസ്ത്രീയമായി പുനർനിർമിക്കുകയും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ നിരീക്ഷണ-പരിപാലന സംവിധാനം ഏർപ്പെടുത്തുകയും ചെയ്യണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു.
കേരള ശാസ്ത്ര സാഹിത്യ ഇരിട്ടി മേഖല പരിസരസമിതിയുടെ നേതൃത്വത്തിൽ പഴശി കനാൽ തകർന്ന തെളുപ്പിൽ ഭാഗം സന്ദർശിച്ചു. കൺവീനർ ഹരീന്ദ്രൻ, ചെയർമാൻ കെ. സുരേശന്, പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം സി. പദ്മനാഭൻ, മേഖലാ സെക്രട്ടറി പി.വി. ശശീന്ദ്രൻ, മേഖലാ പ്രസിഡന്റ് എ.ആർ. സുജ, മിനിമോൾ, സുമതി, സി.കെ. അശോകുമാർ, എം. ദിവാകരൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
District News
കരുണാപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് കരുണാപുരം നന്മ സ്വാശ്രയ സംഘം സംഘടിപ്പിച്ച ചിത്രരചന മത്സരം തലമുറകളെ വിഴുങ്ങുന്ന ലഹരി എന്ന വിപത്തിനോടുള്ള പ്രതിഷേധ സൂചകമായി.
കരുണാപുരം സെന്റ് ജൂഡ്സ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളി ചിത്രരചന മത്സരം ഉദ്ഘാടനം ചെയ്തു. നന്മ സ്വാശ്രയ സംഘം പ്രസിഡന്റ് ബിനോയ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തംഗം ജോസ് വെട്ടുകല്ലാംകുഴിയിൽ വിജയികൾക്ക് സമ്മാനം ദാനം നിർവഹിച്ചു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ ജോസ് വെട്ടുകല്ലാംകുഴിയെയും മുതിർന്ന പൗരൻ എന്ന നിലയിൽ നന്മ സ്വാശ്രയ സംഘം രക്ഷാധികാരി ജോസഫ് പുതുക്കരിയേയും ആദരിച്ചു. ജോർജ് എടത്തിനാൽ, പോൾ തൈക്കുന്നുംപുറം, പ്രകാശ് കൈപ്രത്ത് എന്നിവർ നേതൃത്വം നൽകി.
District News
ഉദയഗിരി: പുനർനിർമിക്കുന്ന ഉദയഗിരി സെന്റ് മേരീസ് പള്ളിയുടെ ശിലാസ്ഥാപനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. അതിരൂപത ചാൻസിലർ ഫാ.ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂർ എന്നിവർ സഹകാർമികരായിരുന്നു.
വിശുദ്ധ കുർബാനയോടെ ആരംഭിച്ച ശിലാസ്ഥാപന തിരുകർമങ്ങളിൽ നൂറുകണക്കിന് വിശ്വാസികളും വൈദികരും സിസ്റ്റേഴ്സും പങ്കെടുത്തു. ഇടവക വികാരി ഫാ.സേവ്യർ പുത്തൻപുര,അസിസ്റ്റന്റ് വികാരി ഫാ. ക്ലിമന്റ് മാത്യു നരിക്കുഴി, മുൻ വികാരിമാരായ ഫാ.ജോസഫ് കളരിക്കൽ, ഫാ.ഡോ. ജോൺസൺ അന്ത്യാംകളും എന്നിവരും വൈദികരും നേതൃത്വം നൽകി.
District News
ആലക്കോട്: ആലക്കോട് ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കരുണാപുരം കാരുണ്യഭവനിൽ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി അന്തേവാസികൾക്കുള്ള ക്ലിനിക്കിന്റെ പ്രവർത്തനവും സഹായധന വിതരണവും നടത്തി.
ലയൺ ഡിസ്ട്രിക്കറ്റ് 318 ഇ സെക്കന്റ് വൈസ് ഡിസ്ട്രിറ്റ് ഗവർണർ വത്സല ഗോപിനാഥ് ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് ജോൺസൺ മാട്ടേൽ അധ്യക്ഷത വഹിച്ചു. കാരുണ്യ ഭവനിലെ എല്ലാ സിസ്റ്റേഴ്സിനെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മദറിനെയും ക്ലബ് ആദരിച്ചു. തുടർന്ന് കാര്യണ്യ ഭവന് വാഷിംഗ് മെഷിനും ചികിത്സാ സഹായവും നൽകി. ലയൺ ഡോ. റോജേഴ്സ് സെബാസ്റ്റ്യൻ, റീജിയണൽ ചെയർമാൻ മഞ്ജു അഭിലാഷ് , കെ.എം. വത്സരാജ് , അജിത്ത് വർമ്മ, സി.ജെ. ജോൺ, ജേക്കബ്ബ് ആന്റണി എന്നിവർ പ്രസംഗിച്ചു. മദർ ലിസാമരിയ നന്ദി പറഞ്ഞു.
District News
കണ്ണൂർ: എക്സൈസ് വകുപ്പിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരത്തിന് ജില്ലയിലെ അഞ്ച് ഉദ്യോഗസ്ഥർ അർഹരായി. വകുപ്പിലെ മികച്ച സേവനം, എൻഫോഴ്സ്മെന്റ് പ്രവർത്തനം, ലഹരി വിരുദ്ധ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.സി. ഷിബു, സി. അജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ വി.പി. സുഹൈൽ, എം.കെ. പ്രസന്ന, സിവിൽ എക്സൈസ് ഓഫീസർ പി.വി. ഗണേഷ് ബാബു എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ജില്ലയിലെ സുപ്രധാന എൻഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിലും കേസുകൾ കണ്ടെത്തുന്നതിലും നിർണായ പങ്കു വഹിച്ചവർ കൂടിയാണ് പുരസ്കാര ജേതാക്കൾ.
District News
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ ഉരുൾ പൊട്ടലുണ്ടായ പ്രദേശങ്ങളും പകൃതിക്ഷോഭത്താൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലും മന്ത്രി സണ്ണി ജോസഫ് സന്ദർശനം നടത്തി.താളിപ്പാറ, ഇരട്ടപ്പാലം, ശാന്തിപുരം, ജയഗിരി, താബോർ, മുണ്ടേരി തട്ട്, മണക്കടവ് ശ്രീ മഹാവിഷ്ണു ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തി സ്ഥിതികൾ വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ തോമസ് വക്കത്താനം, ജോയിച്ചൻ പള്ളിയാലിൽ , പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു തോമസ്, സരിത ജോസ്, ഷീൻ തെക്കേൽ പഞ്ചായത്തംഗം ഷീബ ഡാനി, ജോയി പള്ളിപ്പറമ്പിൽ, വിനോദ് സൗദത്ത്, ജോസ് പറയൻകുഴി, ഷെന്നി മാങ്കോട്ടിൽ, സ്റ്റെനി മേപ്രക്കാവിൽ ,അജിത്ത് വരിക്കമാക്കൽ, ഇ.എം. നാസർ, ബെന്നി പീടിയേക്കൽ, ടോമി കണയങ്കൽ, സി. പി. സാബു, ജോസഫ് വട്ടക്കൊട്ടയിൽ, ജോസഫ് മാങ്ങാട്ട്, രഞ്ജിത് ഇരുപ്പക്കാട്ട് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
District News
പാലാവയൽ: ഓടപ്പള്ളിയിൽ വീണ്ടും കാട്ടാനശല്യം. കർണാടക വനത്തിൽ നിന്നും കാര്യങ്കോട് പുഴ കടന്ന് എത്തിയ കാട്ടാനകൂട്ടം നെല്ലംകുഴിയിൽ ബാബു, പൊട്ടംപ്ലാക്കൽ ബേബി, പൊട്ടംപ്ലാക്കൽ ഷാജു എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, തെങ്ങ്, കുരുമുളക്, വാഴ, മറ്റ് ഇടവിളകളും വ്യാപകമായി നശിപ്പിച്ചു.
നെല്ലം കുഴിയിൽ ബാബുവിന്റെ വീട് മുറ്റം വരെ കാട്ടാന എത്തിയതോടെ പരിസരവാസികളും ഏറെ ഭയാശങ്കയിലാണ്. ഏതാനും വർഷം മുമ്പ് ഈ പ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കാട്ടാനശല്യത്തെ തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ സഹകരണത്തോടെ വനം വകുപ്പ് ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
\ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വൈദ്യുതി വേലിയും വെള്ളത്തിൽ മുങ്ങിയിരുന്നു.വെള്ളം ഇറങ്ങിയപ്പോൾ കമ്പിവേലിയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തങ്ങി വൈദ്യുതി വേലി പല ഭാഗങ്ങളിലും തകരാറിലായി. പ്രദേശവാസികൾ കമ്പികൾ ഉടക്കി കിടന്ന മലിന്യങ്ങൾ നീക്കം ചെയ്തിരുന്നെങ്കും വൈദ്യുതി വേലിയുടെ കമ്പികൾ പല ഭാഗത്തും പൊട്ടിവീണിരുന്നു. ഇതു മൂലം വൈദ്യുതി വേലി പ്രവർത്തനക്ഷമമായിരുന്നില്ല. ഇതാണ് ആനകൾ കൃഷിയിടത്തിൽ എത്താൻ കാരണമായത്.
പഞ്ചായത്ത് അംഗം ഷീബ ജോസഫും പ്രദേശവാസികളും വിവരം അറിയച്ചതിനെ തുടർന്ന് ഭീമനടി ഫോറസ്റ്റ് സെക്ഷൻ ഒഫീസിൽ നിന്നും എത്തിയ വനപാലകരായ അപർണ ചന്ദ്രൻ ,യു.സുധീഷ്, ജിഷ്ണു കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ തന്നെ വൈദ്യുതി വേലി അറ്റകുറ്റപണികൾ നടത്തി പ്രവർത്തനക്ഷമാക്കിയിട്ടുണ്ട്.
District News
പൈസക്കരി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടൻമാരെ ആദരിച്ചു. പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ നടന്ന പരിപാടിയിൽ പന്ത്രണ്ട് വിമുക്തഭടന്മാരെ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ത്രിവർണ ഷാളണിയിച്ച് ആദരിച്ചു.
കത്തോലിക്ക കോൺഗ്രസ് ഫൊറോന ജനറൽ സെക്രട്ടറി വിൽസൺ ചാക്കോ, വിമുക്തഭടൻ മൈക്കിൾ ചാണ്ടിക്കൊല്ലി, ഇടവക കോ-ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദേവമാതാ കോളജ് ഹാളിൽ നടന്ന പൊതുസമ്മേളനം വിമുക്തഭടൻ അനീഷ് എണിയക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു. ഫാ. ചാക്കോ കളപ്പുരയ്ക്കൽ, ജോസ് നെട്ടനാനി, സിബിച്ചൻ പള്ളിച്ചിറ, സെറ തെക്കേപ്പുതുപ്പറമ്പിൽ, ആൻമരിയ വടക്കൻ എന്നിവർ പ്രസംഗിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഉപഹാരങ്ങൾ നൽകി അനു മോദിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
District News
പെരുമ്പടവ്: ആവശ്യക്കാരെ കണ്ടെത്തി സഹായിക്കുന്നവരാണ് യഥാർഥ സമരിയക്കാരനെന്ന് മന്ത്രി സണ്ണി ജോസഫ്. തലവിൽ ഗുഡ് സമരിറ്റൻ റിഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്ററിന്റെ രണ്ടാം വാർഷികാഘോഷം തലവിൽ ജിഎസ്ആർടിസി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ടി.കെ. ഗോവിന്ദൻ എംഎൽഎ ഗുഡ് സമരിറ്റൻ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും സ്വാന്തനം പാലിയേറ്റീവ് മെഡിക്കൽ ഉപകരണങ്ങളുടെയും ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ജിഎസ്ആർടിസി സന്നദ്ധപ്രവർത്തക കൂട്ടായ്മയുടെ ഉദ്ഘാടനവും അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.
കൂട്ടായ്മയുടെ ലോഗോ പ്രകാശനവും വിവിധ മേഖലകളിൽ സേവനം ചെയ്യുന്നവരെ എംഎൽഎ ആദരിക്കുകയും ചെയ്തു. വിവിധ അപകടങ്ങൾ, സ്ട്രോക്ക്, നട്ടെല്ലിന് പരിക്ക്, മറ്റ് ശാരീരിക വെല്ലുവിളികൾ എന്നിവ നേരിടുന്നവർക്ക് സൗജന്യ പുനരധിവാസം, ഫിസിയോതെറാപ്പി, തൊഴിൽ പരിശീലനം, പരിചരണം ആത്മവിശ്വാസം എന്നിവ നൽകി പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്ന സ്നേഹസേവനകേന്ദ്രമാണ് ജിഎസ്ആർടിസി.
സിഎസ്ടി ഫാദേഴ്സ് സെന്റ് തോമസ് പ്രൊവിൻസ് കോഴിക്കോടിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോൺസൺ വരകപറമ്പിൽ സിഎസ്ടി, മേരിഗിരി ഫൊറോന വികാരി ഫാ. മാത്യു വളവനാൽ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട്, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, ജിഎസ്ആർടിസി ഡയറക്ടർ ഫാ. ബിനു പൈമ്പിള്ളിൽ സിഎസ്ടി, എം.പി. ഗോപി, ബിന്യ സനീഷ്, ജോജി ആനിത്തോട്ടം, ടോമി കുരിശുംമൂട്ടിൽ, കെ.ജെ. ടോമി, ജോണി പൗലോസ് എന്നിവർ പ്രസംഗിച്ചു.
District News
പയ്യാവൂർ: കേരള കോൺഗ്രസ്-ജേക്കബ് 2026-31 വർഷത്തെ കണ്ണൂർ ജില്ലാതല പാർട്ടി അംഗത്വ വിതരണം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി. വീരാൻകുട്ടി ഇരിട്ടിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. വർഗീസ് ആദ്യ അംഗത്വം ഏറ്റുവാങ്ങി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. പാർട്ടി ഹൈപവർ കമ്മിറ്റിയംഗം എസ്.ജെ. മാണി, മാത്തുക്കുട്ടി പന്തപ്ലാക്കൻ, വി.എം. സെബാസ്റ്റ്യൻ, കെ.ജി. ജോസഫ്, ബാബു പുളിയൻമാക്കൽ എന്നിവർ പ്രസംഗിച്ചു.
District News
പാലാവയൽ: ഓടപ്പള്ളിയിൽ വീണ്ടും കാട്ടാനശല്യം. കർണാടക വനത്തിൽ നിന്നും കാര്യങ്കോട് പുഴ കടന്ന് എത്തിയ കാട്ടാനകൂട്ടം നെല്ലംകുഴിയിൽ ബാബു, പൊട്ടംപ്ലാക്കൽ ബേബി, പൊട്ടംപ്ലാക്കൽ ഷാജു എന്നിവരുടെ കൃഷിയിടത്തിലെ കപ്പ, തെങ്ങ്, കുരുമുളക്, വാഴ, മറ്റ് ഇടവിളകളും വ്യാപകമായി നശിപ്പിച്ചു.
നെല്ലം കുഴിയിൽ ബാബുവിന്റെ വീട് മുറ്റം വരെ കാട്ടാന എത്തിയതോടെ പരിസരവാസികളും ഏറെ ഭയാശങ്കയിലാണ്. ഏതാനും വർഷം മുമ്പ് ഈ പ്രദേശങ്ങളിൽ ഉണ്ടായ രൂക്ഷമായ കാട്ടാനശല്യത്തെ തുടർന്ന് ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ സഹകരണത്തോടെ വനം വകുപ്പ് ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഉണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാര്യങ്കോട് പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വൈദ്യുതി വേലിയും വെള്ളത്തിൽ മുങ്ങിയിരുന്നു.വെള്ളം ഇറങ്ങിയപ്പോൾ കമ്പിവേലിയിൽ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തങ്ങി വൈദ്യുതി വേലി പല ഭാഗങ്ങളിലും തകരാറിലായി. പ്രദേശവാസികൾ കമ്പികൾ ഉടക്കി കിടന്ന മലിന്യങ്ങൾ നീക്കം ചെയ്തിരുന്നെങ്കും വൈദ്യുതി വേലിയുടെ കമ്പികൾ പല ഭാഗത്തും പൊട്ടിവീണിരുന്നു. ഇതു മൂലം വൈദ്യുതി വേലി പ്രവർത്തനക്ഷമമായിരുന്നില്ല. ഇതാണ് ആനകൾ കൃഷിയിടത്തിൽ എത്താൻ കാരണമായത്.
പഞ്ചായത്ത് അംഗം ഷീബ ജോസഫും പ്രദേശവാസികളും വിവരം അറിയച്ചതിനെ തുടർന്ന് ഭീമനടി ഫോറസ്റ്റ് സെക്ഷൻ ഒഫീസിൽ നിന്നും എത്തിയ വനപാലകരായ അപർണ ചന്ദ്രൻ ,യു.സുധീഷ്, ജിഷ്ണു കുഞ്ഞികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ തന്നെ വൈദ്യുതി വേലി അറ്റകുറ്റപണികൾ നടത്തി പ്രവർത്തനക്ഷമാക്കിയിട്ടുണ്ട്.
District News
വെള്ളരിക്കുണ്ട്: യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ.കാർത്തികേയൻ അധ്യക്ഷതവഹിച്ചു. രാജു കട്ടക്കയം മുഖ്യാതിഥിയായി.140 തവണ രക്തദാനം നടത്തിയ ബഷീർ അരീക്കോടൻ, 114 തവണ രക്തദാനം നടത്തിയ മനോജ് നിരീടിൽ, രക്തദാന രംഗത്ത് നിറസാന്നിധ്യമായ ഷോണി കെ. ജോർജ്, സംസ്ഥാന കർഷക അവാർഡ് ജേതാവ് സച്ചിൻ പൈ എന്നിവരെ ആദരിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ, ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ.ലത, ഡിസിസി സെക്രട്ടറി ഹരീഷ് പി. നായർ, ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, പഞ്ചായത്തംഗങ്ങളായ ഷോബി ജോസഫ്, സി.വി.ശ്രീധരൻ, പി.വി.ജിത, സണ്ണി ജോർജ് മുത്തോലി, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ഷോണി കെ. തോമസ്, രാജേഷ് തമ്പാൻ, ദീപു കല്യോട്ട്, രജിത രാജൻ, ശിവപ്രസാദ് അരവത്ത്, ആർ.രേഖ, മണ്ഡലം പ്രസിഡന്റുമാരായ അനൂപ് ഓർച്ച, എച്ച്.ആർ.വിനീത്, ജോബിൻ മണി, ബിഡികെ സംസ്ഥാന കമ്മിറ്റി അംഗം രതീഷ് പള്ളിക്കര എന്നിവർ പ്രസംഗിച്ചു.യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ് സ്വാഗതവും യൂത്ത് കെയർ ബ്ലഡ് ഡൊണേഷൻ സംസ്ഥാന കോർഡിനേറ്റർ സി.കെ.രോഹിത് നന്ദിയും പറഞ്ഞു.
District News
കാസര്‍ഗോഡ്: വേദ ഹാപ്പിനസ് സെന്റര്‍ മള്‍ട്ടിസ്പെഷാലിറ്റി സൈക്കോളജി ക്ലിനിക്കിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികളുടെ ഉത്പന്നങ്ങളുടെ എക്സിബിഷന് കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലിം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ശ്രുതി വികാസ്, ദിവ്യ, ഭാരത് ബഡ്സ് കാസര്‍ഗോഡ് ബഡ്സ് പ്രതിനിധി ശില്പ എന്നിവര്‍ മുഖ്യാതിഥികളായി. വേദ ഹാപ്പിനസ് സെന്റര്‍ ഡയറക്ടര്‍ പി.പ്രിയങ്ക, ജോയിന്റ് ഡയറക്ടര്‍ വിനീത് വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
വെള്ളരിക്കുണ്ട്: എത്ര കുപ്രചരണങ്ങൾ അഴിച്ചു വിട്ടാലും അടിച്ചമർത്തിയാലും അവഗണിച്ചാലും ലക്ഷ്യത്തിലും മാർഗത്തിലും സത്യമുള്ള സമരങ്ങൾ പരാജയപ്പെടില്ലെന്ന് പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ.
വന്യജീവി ആക്രമണങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് വെള്ളരിക്കുണ്ട് നടന്ന കർഷകസ്വരാജ് സത്യഗ്രഹ വാർഷിക ദിനത്തിൽ സംഘടിപ്പിച്ച സമരപ്രവർത്തക സംഗമം വെളളരിക്കുണ്ട് വ്യാപാരഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തിൽ നിരന്തരം വിലയിരുത്തലുകൾ നടത്തി ശക്തമായ ഇടപെടലുകൾ നടത്താൻ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കുള്ള ഓർമപ്പെടുത്തൽ കത്ത് പ്രവർത്തക സംഗമത്തിൽ പങ്കെടുത്തവർ പ്രകടനമായി പോസ്റ്റ് ഓഫീസിലെത്തി പോസ്റ്റ് ചെയ്തു.
പുഴക്കര കുഞ്ഞിക്കണ്ണൻ നായർ അധ്യ ക്ഷതവഹിച്ചു. ബളാൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷോബി ജോസ്, വെസ്റ്റ് എളേരി പഞ്ചായത്തംഗം ജോമോൻ ജോസ് തുടങ്ങിയവർ സംസാരിച്ചു. ബേബി ചെമ്പരത്തി സ്വാഗതവും മൈക്കിൾ ഞൊണ്ടിമാക്കൽ നന്ദിയും പറഞ്ഞു.
വനം വകുപ്പിന്റെ നടപടികൾ കർഷകർക്ക് ബുദ്ധിമുട്ടാക്കുന്നു: എസ്.പി.ഉദയകുമാർ
സമരവാർഷിക ദിനാചരണത്തിന്റെ ഭാഗമായി കർഷക വിരുദ്ധ പരിസ്ഥിതി പക്ഷവും പരിസ്ഥിതി വിരുദ്ധ കർഷക പക്ഷവും നാടിനാപത്ത് എന്ന വിഷയത്തെകുറിച്ച് ഓൺലൈൻ സെമിനാർ നടന്നു. സെമിനാർ കൂടംകുളം ആണവ നിലയവിരുദ്ധ സമരസമിതി നേതാവ് ഡോ.എസ്.പി.ഉദയകുമാർ ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും വനം വകുപ്പിന്റെ നടപടികൾ മൂലം കർഷകർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാവുന്നുണ്ടെന്ന് സ്വന്തം അനുഭവങ്ങൾ വിവരിച്ച് ഒരു കർഷകൻ കൂടിയായ അദ്ദേഹം വിശദമാക്കി. എന്നാൽ കേരളത്തിലേതുപോലെ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന കർഷകരും പരിസ്ഥിതി പ്രവർത്തകരും തമ്മിൽ അവിടെ തർക്കങ്ങളില്ലെന്ന് അദ്ദേഹം ചൂണ്ടിക്കട്ടി.
വന്യജീവി ആക്രമണങ്ങൾ മൂലമുള്ള കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ പ്രസ്ഥാനങ്ങളും യോജിച്ചു ശ്രമിക്കയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജോൺ ജോസഫ് അധ്യക്ഷതവഹിച്ചു. സണ്ണി പൈകട വിഷയാവതരണം നടത്തി.എസ്. ഉഷ തണൽ, പി.റ്റി. ജോൺ, കെ.വി.ബിജു, ജോസുകുട്ടി ഒഴുകയിൽ , ഇ.പി. അനിൽ എന്നിവർ പ്രസംഗിച്ചു.
District News
രാജപുരം : രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് കോ - ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഓണം സഹകരണ വിപണി രാജപുരത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സെന്റിമോൻ മാത്യു അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം സൈമൺ ആദ്യ വില്പന നടത്തി . സ്ഥിരം സമിതി അധ്യക്ഷൻ പി.എൽ റോയി, സംഘം മുൻപ്രസിഡന്റ് പി.സി.തോമസ്, മുൻ വൈസ് പ്രസിഡന്റ് മാരായ ടി.കെ നാരായണൻ, വി.കുഞ്ഞിക്കണ്ണൻ, എന്നിവർ പ്രസംഗിച്ചു.സംഘം സെക്രട്ടറി എസ്ര ജനി സ്വാഗതവും ഡയറക്ടർ ബേബി ഏറ്റിയപ്പള്ളിൽ നന്ദിയും പറഞ്ഞു. 25 വരെയാണ് വിപണി.13 ഇനം നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടു കൂടി ലഭിക്കും.
പാണത്തൂർ : പനത്തടി പഞ്ചായത്ത് ഫാർമേഴ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ സഹകരണ ഓണം വിപണി പാണത്തൂരിൽ പഞ്ചായത്ത് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് എസ്.മധുസൂദനൻ അധ്യക്ഷതവഹിച്ചു. വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ കെ.ജെ.ജയിംസ് ആദ്യ വില്പന നടത്തി. പഞ്ചായത്തംഗങ്ങളായ എം.ഷിബു, എൻ .വിൻസെന്റ്, എം.ജയകുമാർ, പി.തമ്പാൻ, രാധ സുകുമാരൻ, ഇ.കെ അനിൽകുമാർ, സണ്ണി ജോസഫ്, എം.ഫൗസിയ, മോളി ജോസ്, ടി.ജി.കവിത എന്നിവർ പ്രസംഗിച്ചു.
District News
തൃക്കരിപ്പൂർ: മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞു കടലിൽ വീണ അഞ്ചു തൊഴിലാളികൾ പരിക്കുകളോടെ വലിയപറമ്പിൽ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. കാലിൽ പരിക്കേറ്റ ഒഡിഷ ബാലസോറിലെ പ്രകാശ് ചന്ദ്ര സാഹറിനെ(35) നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒഡിഷയിലെ ഖലീഫർ സമദ്(38), സുരേന്ദ്ര മണ്ഡൽ(38), ലുക്മാൻ മുണ്ടോൾ (40), പശ്ചിമ ബംഗാളിലെ തപൻ ബറുവ(33) എന്നിവർ ചെറിയ പരിക്കുകളാടെ രക്ഷപെട്ടു. ചെറുവത്തൂർ മടക്കര തലക്കാട്ടെ സുധീറിന്റെ ഉടമസ്ഥതയിലുള്ള തോണിയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ അപകടത്തിൽപ്പെട്ടത്.
District News
കാഞ്ഞങ്ങാട്: കെ.മാധവന് ഫൗണ്ടേഷന് ആസ്ഥാനത്ത് സ്വാതന്ത്ര്യ സമരസേനാനികളുടെ അപൂര്‍വ ഫോട്ടോ ശേഖരം ശില്പി കാനായി കുഞ്ഞിരാമന് ഉത്ഘാടനം ചെയ്തു. എഴുത്തുകാരന് അംബികാസുതന്‍ മാങ്ങാട് മുഖ്യപ്രഭാഷണം നടത്തി. ഫൗണ്ടേഷന് ചെയര്മാന് ഇ. ചന്ദ്രശേഖരന് അധ്യക്ഷതവഹിച്ചു.
ചിത്രങ്ങള്‍ വരച്ച ആര്‍ട്ടിസ്റ്റ് രാജേന്ദ്രന് പുല്ലൂരിനെ ചടങ്ങില്‍ ഗോവിന്ദന് പള്ളിക്കാപ്പില്‍ എം.എല്‍.എ ആദരിച്ചു. പ്രഫ. സി.ബാലന് , പി.അപ്പുക്കുട്ടന്, കെ.വി.കൃഷ്ണന്, നഗരസഭ ചെയര്മാന് വി.വി. രമേശന് എന്നിവര്‍ പ്രസംഗിച്ചു.
District News
കൊച്ചി: താറാവ് ഫാമിന്റെ മറവിൽ എംഡിഎംഎ വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിവേട്ടയ്ക്കെത്തിയ എക്സൈസ് സംഘത്തെ പ്രതിയും കൂട്ടാളികളും ചേർന്ന് ആക്രമിച്ചു.
സംഭവത്തിൽ വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് എക്സൈസ് ജീവനക്കാർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയെ എക്സൈസിന്റെ കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിച്ച് കടത്തിക്കൊണ്ടുപോയി. കഴിഞ്ഞ ശനിയാഴ് വൈകുന്നേരം തമ്മനം എകെജി നഗറിലായിരുന്നു സംഭവം. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ഷിയാസ്, ഡ്രൈവർ വിഷ്ണുകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ കനക എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ആശുപത്രിൽ ചികിത്സതേടി.
സംഭവത്തിൽ നാലു പേരെ പാലാരിവട്ടം പൊലിസ് അറസ്റ്റ് ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതിനുമാണ് കേസ്. തമ്മനം എകെജി നഗർ സ്വദേശികളായ അഖിൽ, വിശാൽ, അജിത്ത്, അബിൻ ആന്റണി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വൈശാഖ്, ഉദ്യോഗസ്ഥരെ ആക്രമിച്ച എകെജി നഗർ സ്വദേശി വിനീഷ് എന്നിവർക്കായി അന്വേഷണം ഊർജിതമാക്കി.
സംഭവദിവസം ഉച്ചയ്ക്ക് മെത്താഫെറ്റമിനുമായി പിടിയിലായ അക്ഷയ് കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് മുഖ്യപ്രതിയായ വൈശാഖിനെക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചത്. അറസ്റ്റിലായ അഖിലും അജിത്തും അക്ഷയും വൈശാഖുമായി ചേർന്ന് ഡൽഹിയിൽ നിന്ന് 200 ഗ്രാം എംഡിഎംഎ എത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ. അഭിരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമ്മനത്ത് എത്തിയത്.
താറാവ് ഫാമിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ചിട്ടുണ്ടെന്ന് അക്ഷയ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഇവിടേക്ക് ബൈക്കിലെത്തിയ വൈശാഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെ ഇയാൾ ഉദ്യോഗസ്ഥരെ തള്ളിമാറ്റി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് വൈശാഖിന്റെ അച്ഛനും സുഹൃത്തുക്കളും പ്രദേശവാസികളും സംഘടിച്ചെത്തി എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
സംഘർഷത്തിനിടെ നാട്ടുകാർ പ്രതിയെ ഉദ്യോഗസ്ഥരിൽ നിന്ന് ബലമായി മോചിപ്പിച്ച് സമീപത്തെ വീട്ടിലേക്ക് മാറ്റുകയും പിന്നീട് അവിടെനിന്ന് രക്ഷപ്പെടാൻ സൗകര്യമൊരുക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലിസ് എത്തിയാണ് പ്രതികളെ കീഴടക്കിയത്. പിടിയിലാ യവർ നിരവധി കേസുകളിൽ ഉൾപ്പെ ട്ടവരാണ്.
District News
തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് നാടിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതി അത്തംഘോഷയാത്ര. നൃത്തച്ചുവടുകളിലും വാദ്യമേളങ്ങളിലും വർണാഭമായ കലാരൂപങ്ങളിലുമായി നടന്ന അത്തച്ചമയത്തിന്റെ ആവേശം നഗരവീഥികളിൽ നിറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മിഴിവേകുന്ന നിരവധി നാടൻ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മിഴിവേകി. മേളത്തിന്റെ താളത്തിൽ ചുവടുവച്ച്, വർണപ്പകിട്ടേറിയ നാടൻ കലാരൂപങ്ങൾ നിരന്ന അത്തംഘോഷയാത്ര നഗരവീഥികളിലൂടെ ഒഴുകിയെത്തിയതോടെ രാജവീഥിയുടെ ഇരുവശവും തിങ്ങിനിറഞ്ഞ ജനസഞ്ചയങ്ങൾക്ക് അത് മറക്കാനാകാത്ത ദൃശ്യവിരുന്നായി.
തെയ്യത്തിന്റെ തീക്ഷ്ണതയും തിറയുടെ ചടുലതയും പുലിക്കളിയുടെ കുസൃതിയും കോൽക്കളിയുടെ താളവഴക്കവും തനത് കലാരൂപങ്ങളുടെ മെയ് വഴക്കവും ഒത്തുചേർന്നപ്പോൾ ഘോഷയാത്ര കേരളീയ കലകളുടെ പരിഛേദമായി.
പ്രച്ഛന്നവേഷ രൂപങ്ങളും പുലിക്കളി, കുമ്മാട്ടി, കാവടിയാട്ടം, കരകാട്ടം, കോൽക്കളി, കളരിപ്പയറ്റ്, പടയണി, ഗരുഡൻ പറവ, കണ്യാർകളി, ബൊമ്മലാട്ടം, പാവകളി തുടങ്ങി നിരവധി കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. പൂക്കളങ്ങളും അലങ്കരിച്ച വാഹനങ്ങളും വൈവിധ്യമാർന്ന ദൃശ്യാവിഷ്കാരങ്ങളും ഘോഷയാത്രയുടെ ഭാഗമായി. ഓണത്തിന്റെ വരവറിയിച്ച് നാടും നഗരവും ഒരുമിച്ച് ആഘോഷത്തിലേയ്ക്ക് ചുവടു വച്ചതോടെ മലയാളത്തിന്റെ ഓണനാളുകൾക്കും ഔദ്യോഗിക തുടക്കമായി.
നിശ്ചലദൃശ്യത്തിൽ ഒന്നാമത് പാഞ്ചാലി വസ്ത്രാക്ഷേപം
അത്തച്ചമയ ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളിൽ അയിരേറ്റിൽ ബ്രദേഴ്സ് അവതരിപ്പിച്ച പാഞ്ചാലി വസ്ത്രാക്ഷേപം ഒന്നാം സ്ഥാനം നേടി. ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അവതരിപ്പിച്ച വെടിക്കെട്ട് അപകടം രണ്ടാം സ്ഥാനവും പൂണിത്തുറ ഫ്രണ്ട്സ് അവതരിപ്പിച്ച നന്മമരം മൂന്നാം സ്ഥാനവും നേടി. പൂക്കള മത്സരം ജനറൽ വിഭാഗത്തിൽ മഴവിൽ ആർട്സ് വരാപ്പുഴ ഒന്നാം സ്ഥാനവും സിസി ഗ്രൂപ്പ് പള്ളുരുത്തി രണ്ടാം സ്ഥാനവും എളമക്കര നവോദയ മൂന്നാം സ്ഥാനവും നേടി.
വെയിലിൽ പൊരിഞ്ഞ് കലാകാരന്മാരും കാണികളും
പൊരിവെയിലിൽ വാടിത്തളർന്ന് അത്തം ഘോഷയാത്രയിൽ കലാകാരന്മാരും കാണികളും. പാരമ്പര്യ അനുഷ്ഠാന കലാരൂപങ്ങൾ അവതരിപ്പിക്കുന്ന നഗ്നപാദരായി നടക്കുന്ന കലാകാരന്മാരാണ് ഏറെ വിഷമിച്ചത്. ചുട്ടുപൊള്ളുന്ന വെയിലും റോഡിലെ ടാറിന്റെ ചൂടും കൂടിയായതോടെ കലാകാരന്മാർ ഏറെ ബുദ്ധിമുട്ടിയാണ് നഗരവീഥി വലം വച്ചത്.
നിശ്ചല ദൃശ്യങ്ങളിലും മറ്റും കഥാപാത്രങ്ങളായവരുടെ ശരീരത്തിലേയ്ക്ക് കൂടെയുണ്ടായിരുന്നവർ വെള്ളം സ്പ്രേ ചെയ്തും മറ്റുമാണ് ചൂടിൽ നിന്നും രക്ഷ നേടിയത്. ഘോഷയാത്ര കാണാനെത്തിയവരിൽ 29 പേരെ തലകറക്കവും മറ്റ് ശാരീരികാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു.
അത്തം ഘോഷയാത്രയിൽ അണിനിരക്കാറുള്ള ഗജവീരൻമാർക്ക് പകരമായി ഘോഷയാത്രയിൽ പഴമയുടെ പ്രതീകമായി പങ്കെടുക്കാനെത്തിച്ച ഇരട്ടക്കാളകളെയും കാളവണ്ടിയെയും ഘോഷയാത്രയിൽ പങ്കെടുപ്പിച്ചില്ല. പിറവം പാമ്പാക്കുടയിൽ നിന്നും സംഘാടകരുടെ ആവശ്യപ്രകാരം ഇവയെ എത്തിച്ചത്.
ഘോഷയാത്രയുടെ തുടക്കത്തിൽ ഇവയെ പങ്കെടുപ്പിക്കാനായി ശ്രമിച്ചെങ്കിലും കാളകൾ വഴിയിൽ ചാണകമിടുന്നത് പിന്നാലെ വരുന്ന കലാകാരന്മാർക്ക് അസൗകര്യമാകുമെന്നു വന്നതോടെ ഇവയെ മാറ്റിനിർത്തുകയായിരുന്നു എന്നാൽ കാളകൾക്കൊപ്പം ഘോഷയാത്രയ്ക്കായെത്തിച്ച ആറ് കുതിരകൾ അത്തം ഘോഷയാത്രയുടെ ഭാഗമായി മാറി.
District News
നെടുമ്പാശേരി: കുന്നുകരയിൽ ഉഴുതുമറിച്ച പാടത്ത് ആവേശമായി ഫുട്ബോളും വടംവലിയും. കർഷക ദിനാഘോഷങ്ങളുടെ ഭാഗമായി കുന്നുകര പഞ്ചായത്തും കൃഷി ഭവനും ചേർന്ന് കുറ്റിയാൽ പാടശേഖരത്തിലാണ് ചിങ്ങ നിലാവ് 2026 എന്ന പേരിൽ കാൽപന്ത് കളിയും വടംവലിയും സംഘടിപ്പിച്ചത്.
അത്താണി - മാഞ്ഞാലി റോഡിലെ കുറ്റിയാൽ പാടശേഖരത്തിലെ റോഡരികിലും വരമ്പുകളിലുമായി മത്സരം കാണാൻ നൂറുകണക്കിനു പേരാണ് നിലയുറപ്പിച്ചത്. ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങുന്നതിനിടയിൽ കളിക്കാർ ചെളിയിൽ പല തവണ മറിഞ്ഞു വീഴുന്നതും കാണികൾക്ക് ഹരം പകർന്നു. 20 മിനിറ്റായിരുന്നു ഫുട്ബോൾ മൽസരത്തിന്റെ ദൈർഘ്യം. നാല് ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മത്സരത്തിൽ ഒരു ടീമിൽ അഞ്ച് പേർ വീതമാണ് ഉണ്ടായിരുന്നത്.
എഫ്സി കുറ്റിയാലും പിഎസ്എ കുറ്റിപ്പുഴയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഇരു ടീമുകളും തമ്മിൽ പൊരിഞ്ഞ പോരാട്ടമാണ് നടന്നതെങ്കിലും ആർക്കും ഗോളടിക്കാൻ കഴിയാതെ സമനിലയിൽ മത്സരം അവസാനിക്കുകയായിരുന്നു. പിന്നീട് ടോസിട്ട് എഫ്സി കുറ്റിയാലിനെ വിജയികളായി പ്രഖ്യാപിച്ചു.
വനിതകളുടെ വടംവലി മത്സരത്തിൽ പ്രിയദർശിനി കുന്നുകര, പെൺപെരുമ അടുവാശേരി എന്നീ രണ്ട് ടീമുകളാണ് മത്സരിച്ചത്. വാശിയേറിയ മത്സരത്തിൽ ആർക്കും വിജയിക്കാൻ കഴിയാതായതോടെ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിച്ച് ഏത്തക്കുലകൾ സമ്മാനമായി നല്കി. നാല് ടീമുകൾ മത്സരിച്ച പുരുഷൻമാരുടെ വടംവലിയിൽ കുന്നുകര സ്വാശ്രയ കർഷക സമിതി വിജയികളായി. പിഎസ്എ കുറ്റിപ്പുഴ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പഴക്കുലകൾക്ക് പുറമെ കാഷ് അവാർഡും സമ്മാനിച്ചു.
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദാലി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ സമ്മാനദാനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത കൃഷ്ണൻ അധ്യക്ഷയായിരുന്നു.
വൈസ് പ്രസിഡന്റ് സി.യു. ജബ്ബാർ, കൃഷി ഓഫീസർ ഡോ. നീരജ പുതിയമഠം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി സൈമൺ, നൗഫില ഫെമീർ, പഞ്ചായത്തംഗങ്ങളായ അനിൽ ആർ, രതി സാബു, കെ.സിജകുമാർ, സീന സന്തോഷ്, അനിൽ ജി, ഷക്കീല ഗോപി,, മായബാബു, ഷീന ജേക്കബ്, രുദ്രാക്ഷി മാധവൻ, ലിജി ജോസ്, പ്രീതി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
District News
കൊച്ചി: ജില്ലയില്‍ സ്വകാര്യ ബസുകളുടെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീണുള്ള അപകടങ്ങള്‍ക്ക് കുറവില്ല. വെല്ലിംഗ്ടണ്‍ എടിഎസ് ജംഗ്ഷനില്‍ ബസ് തിരിക്കുന്നതിനിടെ പിന്‍വാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് 14കാരന്റെ ഇടത് തോളെല്ലിന് പരിക്കേറ്റതാണ് ഒടുവിലത്തെ സംഭവം.
കഴിഞ്ഞ 11ന് നടന്ന അപകടത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അപകടങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇന്നലെയും കൊച്ചി നഗരത്തിലടക്കം നിരവധി ബസുകൾ വാതില്‍ തുറന്നിട്ട് തന്നെയാണ് സര്‍വീസ് നടത്തിയത്. അപകടങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിത യാത്ര ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടും ഇവ കേള്‍ക്കാന്‍ പല ബസ് ജീവനക്കാരും കൂട്ടാക്കുന്നില്ല. മാത്രമല്ല, നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ അധികൃതരും തയാറാകുന്നില്ല.
രണ്ട് മരണം
കഴിഞ്ഞ ജൂണ്‍ 30ന് വാതില്‍ അടയ്ക്കാതെ സര്‍വീസ് നടത്തുന്നതിനിടെ കോതമംഗലം കോഴിപ്പിള്ളിയില്‍ ബസിന്റെ മുന്‍വാതിലിലൂടെ പുറത്തേക്ക് തെറിച്ചു വീണ് കന്യാസ്ത്രീ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ചെല്ലാനത്ത് സമാനമായ രീതിയില്‍ സര്‍വീസ് നടത്തിയ ബസില്‍ നിന്ന് തെറിച്ച് വീണ് 16കാരന് ജീവന് നഷ്ടമായിരുന്നു. അപകടങ്ങളും ജീവന് നഷ്ടമാകുന്ന സംഭവങ്ങളും ആവര്‍ത്തിക്കുമ്പോഴും ജില്ലയില്‍ പരിശോധനകള്‍ പേരിന് മാത്രമാണ്.
വാതിൽ അടയ്ക്കാന്‍ ഡ്രൈവർക്ക് മടി
സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍ക്ക് ഓപ്പറേറ്റ് ചെയ്യാന്‍ കഴിയുംവിധം എയര്‍ ഡോര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടും ജില്ലയില്‍ സര്‍വീസ് നടത്തുന്ന ചുരുക്കം ചില ബസുകളാണ് ഇത്തരത്തില്‍ വാതില്‍ അടച്ച് സര്‍വീസ് നടത്തുന്നത്. മത്സരയോട്ടത്തിലും നിറയെ യാത്രക്കാരുമായി പോകുമ്പോഴും വാതില്‍ അടയ്ക്കാന്‍ പല സ്വകാര്യ ബസുകള്‍ക്കും ഇപ്പോഴും മടിയാണ്.
യാത്രക്കാര്‍ക്ക് തുറക്കാനാകും വിധമുള്ള പഴയ ഡോര്‍ ഘടിപ്പിച്ച ബസുകളും സര്‍വീസ് നടത്തുന്നവയിലുണ്ട്. ഇവ ഒഴിവാക്കിയിട്ടും ഇത്തരം വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും തയാറാകുന്നില്ല. എയര്‍ ഡോര്‍ ഘടിപ്പിച്ച ബസുകളില്‍ ചിലതില്‍ ഇവ വേണ്ടവിധം പ്രവര്‍ത്തിക്കുന്നുമില്ല.
District News
വൈപ്പിൻ: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ഞാറയ്ക്കലും കുഴുപ്പിള്ളിയിലുമായി രണ്ട് ദമ്പതിമാർക്ക് 30 ലക്ഷം നഷ്ടമായി. നിക്ഷേപിക്കുന്ന തുകയ്ക്ക് ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
ഞാറയ്ക്കലെ ദമ്പതിമാർക്ക് 17,17,740 രൂപയും കുഴുപ്പിള്ളി അയ്യമ്പിള്ളി തറവട്ടത്തുള്ള ദമ്പതിമാർക്ക് 13,05380 രൂപയുമാണ് നഷ്ടമായത്. ഓൺലൈൻ ട്രേഡിംഗിലൂടെ വൻലാഭം മോഹിപ്പിച്ച് ഓൺലൈൻ വഴി ബന്ധപ്പെട്ട തട്ടിപ്പ്സംഘം ഞാറക്കലുള്ള ദമ്പതികളിൽ നിന്നും 2024 സെപ്റ്റംബർ മുതൽ 2025 നവംബർ വരെയുള്ള കാലഘട്ടത്തിൽ വിവിധ സമയങ്ങളിലായാണ് പണം തട്ടിയെടുത്തത്.
ഇവരുടെ മാലിപ്പുറത്തുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നും തട്ടിപ്പ്സംഘം ആവശ്യപ്പെട്ട വിവിധ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയത്. എന്നാൽ നാളിതുവരെ ലാഭവിഹിതം കിട്ടാതെ വന്നതോടെ ഇവർ കഴിഞ്ഞദിവസം ഞാറക്കൽ പൊലിസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചു.
അയ്യമ്പിള്ളിയിലുള്ള ദമ്പതികളിൽ നിന്നും കഴിഞ്ഞ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടങ്ങളിൽ പത്തിലധികം തവണകളായിട്ടാണ് പണം തട്ടിയത്. പള്ളിപ്പുറത്തും ചെറായിലുമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്നു നേരിട്ടും ഗൂഗിൾ പേ വഴിയും ഇവർ പണം കൈമാറിത്.
ഇഷാനി ഐഷു എന്നയാളുമായുള്ള ഓൺലൈൻ ബന്ധമാണ് തട്ടിപ്പിനിടയാക്കിയതെന്ന് പരാതിയിൽ പറയുന്നു. കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞതോടെ ഇവർ മുനമ്പം പൊലിസിൽ പരാതി നൽകി. തുടർന്ന് പാലക്കാട് സ്വദേശിയായ ഇഷാനി ഐഷു എന്നയാളെ പ്രതിയാക്കി പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
District News
വൈപ്പിൻ: സ്വർണപ്പണയത്തിന്റെ പേരിൽ വ്യാജരേഖ ചമച്ച് റൂറൽ സൊസൈറ്റിയിൽ നിന്നും 89 ലക്ഷം കവർന്ന ഗോൾഡ് അപ്രൈസർ അറസ്റ്റിൽ. കർത്തേടം റൂറൽ കോപ്പറേറ്റീവ് സൊസൈറ്റിയിലെ അപ്രൈസർ കർത്തേടം ചക്കാലക്കൽ അനൂപ് ജോസഫാ(44)ണ് അറസ്റ്റിലായത്.
സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ടി.ജി. ബിജു നൽകിയ പരാതിയിൽ ഞാറക്കൽ എസ്ഐ നെൽസന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാരനായ ഇയാൾ 2014 ജനുവരി മുതൽ ഈവർഷം ജൂൺ വരെയുള്ള 12 വർഷ കാലയളവിൽ 1565.9 ഗ്രാം സ്വർണം പണയം വച്ചതായി രേഖയുണ്ടാക്കിയാണ് പണം കവർന്നത്.
ഇവിടെ സ്വർണത്തിന്റെ മാറ്റുനോക്കൽ മാത്രമല്ല പണയ സ്വർണം വയ്ക്കുന്നതും സ്വർണം തിരികെ കൊടുക്കുന്നതും അപ്രൈസർ തന്നെയാണ്. ഇടപാടുകാർക്ക് എളുപ്പത്തിൽ ഇടപാട് തീർത്ത് പോകാനാണ് സൊസൈറ്റി ഇത്തരത്തിൽ കാര്യങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നാണ് പറയുന്നത്. ഇതാണ് പ്രതി മുതലെടുത്തത്. പരിചയക്കാരുടെയും ബന്ധുക്കളുടെയുമൊക്കെ പേരിലാണ് വ്യാജ രേഖകൾ ഉണ്ടാക്കിയിരിക്കുന്നതത്രേ. ബാങ്കിന്റെ പ്രസിഡന്റ് പദവി മാറ്റത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതും പരാതി നൽകിയതും.
District News
ഫോര്‍ട്ടുകൊച്ചി : വെളി മൈതാനത്തെ ലൈറ്റുകള്‍ തെളിയാത്തതില്‍ പ്രതിഷേധിച്ച് മൊബൈല്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ഫുട്ബോള്‍ കളിച്ച് യുവാക്കളുടെ പ്രതിഷേധം. ഫ്ളഡ് ലൈറ്റ് സൗകര്യമുള്ള ഈ മൈതനായില്‍ ലെറ്റുകള്‍ തെളിയാതായിട്ട് നാളുകളേറെയായി.
വിദ്യാര്‍ഥികളും ജോലി കഴിഞ്ഞെത്തുന്ന യുവാക്കളും വൈകിട്ടാണ് ഇവിടെ കളിക്കാനെത്തുന്നത്. എന്നാല്‍ കുറച്ചു നേരം കഴിയുമ്പോള്‍ തന്നെ ഇരുട്ടാകുന്നതിനാല്‍ ഏറെ നേരം കളിക്കാനാവാത്ത സാഹചര്യമാണ്.
ഫ്ളഡ് ലൈറ്റില്‍ ഒന്നെങ്കിലും തെളിയിച്ചാല്‍ സൗകര്യമാണെന്നാണ് കായിക പ്രേമികള്‍ പറയുന്നത്. സാമ്പത്തികത്തിന്റെ കാര്യം പേര് പറഞ്ഞാണ് ഫ്ളഡ് ലൈറ്റ് തെളിയിക്കാത്തത്. മൈതാനിയിലാണെങ്കില് ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടില്ല. ഹൈമാസ്റ്റ് ലൈറ്റ് ഉണ്ടെങ്കില്‍ ആ വെളിച്ചെത്തിലെങ്കിലും കളിക്കാമെന്നാണ് യുവാക്കള്‍ പറയുന്നു.
കായികമാകണം ലഹരിയെന്ന് അധികൃതര്‍ കൊട്ടിഘോഷിക്കുമ്പോഴും യുവാക്കള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ അധികൃതര്‍ നല്‍കുന്നില്ലെന്നാണ് പരാതി. ഗ്രൗണ്ടിന്റെ നടപ്പാതയില്‍ വിളിക്ക് കത്തിക്കുമെങ്കിലും മൈതാനിയില്‍ വെളിച്ചം കിട്ടില്ല. ഒരു ഫ്ളഡ് ലൈറ്റെങ്കിലും കത്തിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം.
പ്രതിഷേധത്തില്‍ കെ.എച്ച്. ഹനീഷ്, സാബു അലി, ശ്രീജിത്ത്, ടെന്‍സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
District News
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ തുരുത്തി പള്ളിശേരി സെന്റ് മേരീസ് കോളജ് വിദ്യാര്‍ഥി മെബിന് ജോസ്, കാലടി സംസ്കൃത സര്‍വകലാശാല വിദ്യാര്‍ഥികളായ ബേസില്‍ സ്കറിയ, വിജിസ് ജോയ്, കാലടി ശ്രീശങ്കര കോളജ് വിദ്യാര്‍ഥി യദുകൃഷ്ണ വിനീഷ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് കാലടി പൊലിസ് അറസ്റ്റ് ചെയ്തത്.
സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് വൈസ് ചാന്‍സലറെ 13ന് വിദ്യാര്‍ഥികള്‍ ഉപരോധിച്ചിരുന്നു.ഉപരോധസമരത്തിനിടെ പൊലിസിന്റെ ജോലി തടസപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. വൈസ് ചാന്‍സലര്‍ സിസ തോമസ് നല്കിയ പരാതിയും ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ആകെ 65 പേരുടെ പേരില്‍ കേസടുത്തിട്ടുണ്ട്.
District News
കൊച്ചി: കൊച്ചിയില്‍ പൊലിസുകാര്‍ക്ക് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. സംഭവത്തില്‍ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര സ്റ്റേഷനിലെ എസ്ഐ ടി.എ. അഫ്സല്, ഡ്രൈവര്‍ ഇ.എം. അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൈയ്ക്കും കഴുത്തിനും പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
പാലാരിവട്ടം പൂണിത്തുറ ഇന്ദിര റോഡില്‍ തയ്യില്‍ വീട്ടില്‍ റിക്കി ബെന്‍ (31), സുഹൃത്ത് പാലാരിവട്ടം പൂണിത്തുറ മെയിന്‍ റോഡ് ചുള്ളിപ്പറമ്പില്‍ വീട്ടില്‍ ജോയല്‍ (30) എന്നിവരെയാണ് എളമക്കര പൊലിസ് അറസ്റ്റ് ചെയ്തത്.
സ്വാതന്ത്ര്യദിന രാത്രിയില്‍ ഇടപ്പള്ളി കാര്‍ത്തിക ബാറിന് സമീപമായിരുന്നു സംഭവം. സമയപരിധി കഴിഞ്ഞിട്ടും മദ്യത്തിനായി ബാറിന് മുന്നില്‍ നിന്നവരെ പിന്തിരിപ്പിക്കാന് എത്തിയതായിരുന്നു പൊലിസുകാര്‍. ഇവര്‍ നിര്‍ദേശം നല്‍കിയതോടെ പലരും പിരിഞ്ഞുപോയെങ്കിലും റിക്കി ബെന്നും ജോയലുമടങ്ങുന്ന അഞ്ചംഗ സംഘം അവിടെത്തന്നെ നിലയുറപ്പിച്ചു. പൊലിസ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ മൂന്നുപേര്‍ കൂടി സ്ഥലം വിട്ടു.
എന്നാല്‍ റിക്കി ബെന്നും ജോയലും പൊലിസിനെ ആക്രമിക്കുകയായിരുന്നു. ആദ്യം അനീഷിനെയാണ് കൈയേറ്റം ചെയ്തത്. തടയാന്‍ ശ്രമിച്ച എസ്ഐയെയും സംഘം ആക്രമിച്ചു. തുടര്‍ന്ന് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എളമക്കര എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തി. ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റുന്നതിനിടെ റിക്കി ബെന്‍ പൊലിസ് ജീപ്പിന്റെ പിന്‍ചില്ല് ഇടിച്ചുതകര്‍ത്തു. പ്രതികള്‍ അക്രമാസക്തരായതോടെ പൊലിസ് ബസ് എത്തിച്ചാണ് ഇവരെ സ്റ്റേഷനിലേക്ക് മാറ്റിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
District News
തൃപ്പൂണിത്തുറ: അത്തച്ചമയ ഘോഷയാത്രയിൽ ഈ വർഷം മോഡേൺ വേഷമണിഞ്ഞെത്തിയാണ് ശശിധരൻ കാണികളുടെ ശ്രദ്ധയാകർഷിച്ചത്. തുടർച്ചയായ 32-ാം വർഷമാണ് തൃപ്പൂണിത്തുറ സ്വദേശിയായ ശശിധരൻ പ്രച്ഛന്നവേഷത്തിലെത്തുന്നത്. ഓരോ വർഷവും വ്യത്യസ്തമായ വേഷങ്ങളിലായിരുന്നു.
മിക്ക വർഷവും പുരാണ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. ഇത്തവണ തന്റെ തനത് പാറ്റേൺ ഒന്ന് മാറ്റിപ്പിടിക്കുകയായിരുന്നു.
District News
കോതമംഗലം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കോതമംഗലം കെഎസ്ആർടിസി പരിസരം വൃത്തിയാക്കിയും ഡിപ്പോ പരിസരത്ത് ആയുർവേദ ഔഷധ ചെടികൾ നട്ടും കത്തോലിക്ക കോൺഗ്രസും കെസിവൈഎമ്മും മാതൃകയായി. കോതമംഗലം സെന്റ് ജോർജ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന പരിപാടി ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.
കത്തോലിക്ക കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് തോമസ് പുതുക്കുന്നത്ത് അധ്യക്ഷനായി. കത്തീഡ്രൽ വികാരി ഫാ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ, വാർഡ് കൗൺസിലർ ഷിബു കുര്യാക്കോസ്, മുനിസിപ്പൽ സ്ഥിരം സമിതി ചെയർമാൻ ജോർജ് അമ്പാട്ട്, ഡിപ്പോ ജിസിഐ എൻ.ആർ. രാജീവ്, എകെസിസി യൂണിറ്റ് സെക്രട്ടറി ബേബിച്ചൻ നിധീരിക്കൽ, ഡിപ്പോ കോ-ഓർഡിനേറ്റർ എം. പ്രിൻസി, കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് റോഹൻ ജോഷി,ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഫാ. ജോൺ മാറ്റപ്പള്ളി, ഫാ. തോമസ് മക്കോളിൽ എന്നിവർ പ്രസംഗിച്ചു.
District News
കോതമംഗലം: പ്രവാസികളായ കോതമംഗലത്തുകാരെ മുഴുവന്‍ ഉള്‍പ്പെടുത്തി പ്രവാസികളുടെ ഗ്ലോബല്‍ കൂട്ടായ്മയും ലോഗോ പ്രകാശനവും സംഘടി പ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു .
കോതമംഗലം നിവാസികള്‍ ആയിട്ടുള്ളവരും കോതമംഗലത്ത് ബന്ധുത്വം മുഖേന വന്നു ചേര്‍ന്നിട്ടുള്ളവരും പഠനവും ജോലിയുമായി കോതമംഗലത്ത് ജീവിത സാഹചര്യങ്ങള്‍ ചെലവഴിച്ചിട്ടുള്ളതുമായ ആളുകളെയാണ് കൂട്ടായ്മയില്‍ ഉള്‍പ്പെടുത്തുന്നത്. കോതമംഗലത്തിന്റെ ഭാവി വികസന സാധ്യതകളില്‍ പ്രവാസികളുടെ പങ്ക് ലക്ഷ്യമിട്ട് മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറായ ഏലിയാമ്മ കുര്യാക്കോസിന്റെ മകന് ഷോയി കുര്യാക്കോസാണ് ഗ്ലോബല്‍ സംഗമത്തിന് നേതൃത്വം നല്‍കുന്നത്.
മുപ്പതോളം രാജ്യങ്ങളിലെ കോതമംഗലവുമായി ബന്ധപ്പെട്ട പതിനായിരത്തോളം അംഗങ്ങള്‍ ഉള്‍പ്പെട്ട വിപുലമായ ഗ്രൂപ്പ് സാമൂഹ്യ സേവന രംഗത്ത് കോതമംഗലത്ത് പ്രവര്‍ത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ താമസിക്കുന്ന കോതമംഗലം നിവാസികള്‍ക്ക് സര്‍ക്കാര്‍, ഇതര സേവനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നിറവേറ്റാനും ഈ ഗ്രൂപ്പ് തയാറെടുക്കുന്നു. കോതമംഗലം അങ്ങാടി കേന്ദ്രീകരിച്ച് നിരവധി വര്‍ഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളുകളെ കൂടി ഉള്‍പ്പെടുത്തിയാണ് സംഘടനാ പ്രവർത്തനം.
കോതമംഗലം ക്ലബിൽ നടത്തിയ പ്രഥമ കോതമംഗലം ഗ്ലോബല്‍ സംഗമത്തില്‍ ആര്. അനില്‍കുമാര്‍, സാബു ചെറിയാന്, ഷിബു കുര്യാക്കോസ്, ഡാമി പോള്‍, വിയന്ന പ്രതിനിധി കുര്യന് മനയാനിപ്പുറം, ദുബായ് പ്രതിനിധികളായ അനുരാ മത്തായി, ജോളി തോമസ്, യുകെ പ്രതിനിധികളായ ജോബി ജോര്‍ജ്, ഷെല്ലി കുര്യാക്കോസ്, ബെന്‍സണ്‍ തോമസ്, ജോഫി കരിങ്ങാട്ടില്‍, യുഎസ് പ്രതിനിധികളായ ജോജി തെക്കേക്കര, പി.ഒ. ജോര്‍ജ്, ജോര്‍ജ് മാലിയില്‍, സ്വിറ്റ്സര്‍ലന്‍ഡ് പ്രതിനിധി സാജു പുല്പറമ്പില്, കാനഡ പ്രതിനിധികളായ ലിജു ജയിംസ്, ജിതിൻ, സജി കൊച്ചുകുടി, ഡോ. ഷിബു ഗീവർഗീസ് , ജോളി തോമസ്, അബിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്ലോബല്സംഗമം വിദേശത്തും കോതമംഗലത്തും നടത്തുവാനും കോതമംഗലത്തിന്റെ ടൂറിസം സാധ്യതകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിൽ പങ്കാളികളാകാനും തീരുമാനിച്ചു. ആദ്യപടിയായി കോതമംഗലം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ മുന്‍സിപ്പല്‍ പാര്‍ക്കിന്റെ നവീകരണം ലക്ഷ്യമാക്കിയുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു .
District News
പിറവം: ഓണത്തിന് വിളംബര മോതി പിറവത്ത് നടന്ന അത്തച്ചമയ സാംസ്കാരിക ഘോഷയാത്ര വർണാഭമായി. നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികളക്കും ഇതോടെ തുടക്കമായി.
സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു നടന്ന ഘോഷയാത്രയില്‍ നാടന്‍ കലാരൂപങ്ങളും, നിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും മിഴിവേകി. കുടുംബശ്രീ-അങ്കണവാടി പ്രവര്‍ത്തകര്‍, എന്‍സിസി, എസ്പിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ് കേഡറ്റുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
സെന്റ് ജോസഫ്സ് ഹൈസ്കൂൾ മൈതാനിയിൽ വിസ്മയ - 2026 എന്ന് പേരിട്ടിരിക്കുന്ന ഓണാലോഷ പരിപാടികൾ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ. ഫ്രാൻസീസ് ജോർജ് എംപി പതാക ഉയർത്തി. ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ. ആർ. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, നഗരസഭ കൗൺസിലർമാർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അൽബിൻ പാവോടത്ത്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ.ആർ. ശശി, വിവിധ രാഷ്ട്രീയ പാർട്ടിയുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ആഘോഷ പരിപാടികളോടനുബന്ധിച്ച് 19 ന് വൈകുന്നേരം ആറിന് തിരുവാതിര കളി മത്സരം, 20ന് വൈകുന്നേരം ആറിന് ചിൽഡ്രൻസ് പാർക്കിൽ കവിയരങ്ങ്, ഏഴിന് ചാക്യാർ കൂത്ത്, 21ന് വൈകുന്നേരം ആറിന് കൈകൊട്ടിക്കളി മത്സരം, എട്ടിന് ചവിട്ടു കളിയും കോൽക്കളിയും, 22ന് രാവിലെ എട്ടിന് കക്കാട് അക്വാട്ടിക് ക്ലബിൽ നീന്തൽ മത്സരം എന്നിവയും നടക്കും.
വൈകുന്നേരം ആറിന് ചിൽഡ്രൻസ് പാർക്കിൽ അക്ഷരശ്ലോക സദസ്. 6.30 ന് നൃത്തനൃത്യങ്ങൾ. 23 ന് രാവിലെ എട്ടിന് സെന്റ് ജോസഫ്സ് ഗ്രൗണ്ടിൽ വനിത ഫുട്ബോൾ മത്സരം. വൈകുന്നേരം ആറിന് ചിൽഡ്രൻസ് പാർക്കിൽ സ്പെഷൽ പാണ്ടിമളവും, നാട്യ കലാക്ഷേത്രയുടെ ഡാൻസ് പരിപാടിയും. 24 ന് വൈകുന്നേരം ഏഴിന് പി ഒ ജംഗ്ഷന് സമീപം കൊച്ചിൻ താരംഗ് ബീറ്റ്സിന്റെ ഗാനമേള.
19 മുതൽ 24 വരെ ചിൽഡ്രൻസ് പാർക്കിൽ ഫുഡ് ഫെസ്റ്റിവൽ നടക്കും. പത്തിലധികം സ്റ്റാളുകളിൽ വിവിധ ഹോട്ടലുകാരും, കാറ്ററിംഗ് സ്ഥാപനങ്ങളും ഭക്ഷണ വിഭവങ്ങളൊരുക്കും.
District News
കോതമംഗലം: അധ്യാപനത്തോടൊപ്പം കൃഷിയെയും സ്നേഹിച്ച് അജിമോൻ. എറണാകുളം എസ്ആർവി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹിസ്റ്ററി അധ്യാപകനായ അജിമോൻ പൗലോസ് കോതമംഗലം കോഴിപ്പിള്ളി ഇലവംകുടി കുടുംബാംഗമാണ്.
തന്റെ 45 സെന്റ് കൃഷിയിടത്തിൽ റംബൂട്ടാൻ, അബിയു, അവക്കാഡോ, സപ്പോർട്ട, ജംബൂട്ടിക, ചാമ്പ, നെല്ലി, സ്വീറ്റ് റൂബിക്ക, ബീർ ആപ്പിൾ ,പ്ലാവ്, മാവ്, ബംബ്ലൂസ്, പുലാസാൻ, ചെറുനാരകം, ഓറഞ്ച്, ആത്തക്ക, പേര, കടപ്ലാവ്, പപ്പായ, മുള്ളാത്ത, റൂബിക്ക, ഞാവൽ ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളാണ് കൃഷി ചെയ്യു ന്നത്
കൂടാതെ തെങ്ങ്, വാഴ, കുരുമുളക് എന്നിവയും കൃഷിയിടത്തിൽ ഉൾപ്പെടുത്തിയട്ടുണ്ട്. ഇടവിളകളായി ഇഞ്ചി, മഞ്ഞൾ എന്നിവയുമുണ്ട്. ജൈവ വളങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. നല്ല ഇനം ഗ്രാഫ്റ്റിംഗ് തൈകളാണ് കൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്.
സ്കൂളിലെ നാഷണൽ സർവീസ് സ്കീം മുൻ പ്രോഗ്രാം ഓഫീസർ ആയി പ്രവർത്തിച്ചിട്ടുള്ള അജിമോൻ വിദ്യാർഥികളിൽ കൃഷിയോടുള്ള താത്പര്യം സൃഷ്ടിക്കുന്നതിലേക്കായി ക്യാമ്പുകളിൽ അടുക്കളത്തോട്ടം ഉൾപ്പെടുയുള്ള പ്രോജക്ടുകൾ സ്ഥിരമായി നടപ്പിലാക്കിയിരുന്നു. കെപിഎസ്ടിഎ അധ്യാപക സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് മെന്പറായ അജിമോൻ സംയുക്ത അധ്യാപക സമിതിയുടെ ജില്ലാ ചെയർമാനുമാണ്.
District News
കോതമംഗലം: ഓണവിപണിയിൽ ആശ്വാസവിലയുമായി എന്റെ നാട് ഹൈപ്പർ മാർക്കറ്റിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി. മലയിൻകീഴ് ബൈപാസിലെ എന്റെ നാട് ഹൈപ്പർ മാർക്കറ്റിൽ ഓണച്ചന്തയുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.
എന്റെ നാട് വൈസ് ചെയർപേഴ്സൺ ബിജി ഷിബു, ഉന്നതാധികാര സമിതിയംഗങ്ങളായ സി.കെ. സത്യൻ, ജോഷി കുര്യാക്കോസ്, പി.എ. പാദുഷ, മാനേജർ ലിജു വർഗീസ് എന്നിവർ പ്രസംഗിച്ചു. 25 വരെ നടക്കുന്ന മേളയിൽ 24, 25 തീയതികളിൽ പച്ചക്കറികൾക്ക് പ്രത്യേക വിലക്കുറവുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
District News
കൂത്താട്ടുകുളം : എംസി റോഡിൽ കരിമ്പന പാലത്തിന് സമീപം വാഹനങ്ങൾ ഒന്നിനുപുറകെ ഒന്നായി കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു.
കൂത്താട്ടുകുളം സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇവരെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 ആണ് സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.
മുന്പിൽ പോയ പിക്കപ്പ് ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് തൊട്ടുപിന്നാലെ എത്തിയ കാറുകൾ പരസ്പരം ഇടിക്കുകയായിരുന്നു. കാറുകൾക്ക് പിന്നിൽ സഞ്ചരിച്ചിരുന്ന ബൈക്ക് ഇതിലേക്ക് ഇടിച്ചുകയറിയാണ് യാത്രക്കാർക്ക് പരിക്കേറ്റത്.
District News
പിറവം: റിവർ വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ പിറവത്ത് നടന്ന ഓണം അമ്മമാരോടൊപ്പം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ക്ഷമയുടെ പര്യായമാണ് അമ്മമാരെന്നും വാർധക്യത്തിൽ നിരാലംബരാവുന്ന അമ്മമാരെ ചേർത്തു നിർത്തണമെന്നും കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത 100 അമ്മമാർക്ക് ഓണപ്പുടവ നൽകി. ഓണസദ്യയും നടത്തി.
റോട്ടറി ക്ലബ് ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോ-ഓർഡിനേറ്റർ ഡോ.ഏ.സി. പീറ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർ പേഴ്സൺ അന്നമ്മ ഡോമി, മുൻ നഗരസഭ ചെയർമാൻ സാബു ജേക്കബ്, കൗൺസിലർമാരായ വത്സല വർഗീസ്, ഉണ്ണി വല്ലയിൽ , സിജി സുകുമാരൻ, എംഎസ്എം ഐടിഐ ഡയറക്ടർ ഫാ. ഡോ. വർഗീസ് മടത്തിക്കുന്നത്ത്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്ത്, എൽദോ ടി. പോൾ എന്നിവർ പങ്കെടുത്തു. പിറവം നാട്യകലാ ക്ഷേത്രയുടെ നൃത്ത പരിപാടിയുമുണ്ടായിരുന്നു.
District News
വാഴക്കുളം: രാസവളത്തിന്റെ വിലവർധനവും ക്ഷാമവും പരിഹരിക്കാൻ സത്വര നടപടി ആവശ്യപ്പെട്ട് കേന്ദ്ര കൃഷി മന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് ഡീൻ കുര്യാക്കോസ് എംപി കത്തയച്ചു.
വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി യും ഓൾ കേരള പൈനാപ്പിൾ മർചന്റ്സ് അസോസിയേഷ നും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് എംപികേന്ദ്ര മന്ത്രിയുടെ ഇടപെടൽ തേടിയത്. ഉയർന്ന വിളവിനും കയറ്റുമതി ഗുണനിലവാരമുള്ള പൈനാപ്പിൾ ഉത്പാദനത്തിനും രാസവളങ്ങൾ അത്യാവശ്യമായതിനാൽ നിലവിലുണ്ടായ വിലവർധനവ് കർഷകരുടെ നട്ടെല്ലൊടിച്ചിരിക്കുകയാണെന്ന് എംപി കത്തിൽ പരാമർശിച്ചിട്ടുണ്ട്.
കുത്തനെയുള്ള വില വർധനവിനു പുറമേ യൂറിയയുടെ കടുത്ത ക്ഷാമവും കർഷകരെ വലക്കുകയാണ്. വളങ്ങളുടെ ഉയർന്ന വില കാരണം ഉത്പാദനച്ചെലവ് കുത്തനെ ഉയരുകയും കൃഷിയിൽ നിന്നുള്ള വരുമാനം കുറയുകയും ചെയ്തു. കർഷകരുടെ ബാങ്ക് വായ്പ തിരിച്ചടവ് ഇതുമൂലം പ്രതിസന്ധിയിലായിട്ടുമുണ്ട്.
യൂറിയ, പൊട്ടാഷ്, എൻപികെ വളങ്ങൾക്ക് വില പരിധി നിശ്ചയിക്കുക, യൂറിയ ലഭ്യത ഉറപ്പാക്കുക,കർഷകർക്ക് പ്രത്യേക സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചിട്ടുണ്ട്.
District News
കോതമംഗലം: കോതമംഗലം റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോട്ടറി കരാട്ടെ ക്ലബ്ബിന്റെ സഹകരണത്തോടെ തൂഫാൻ വാരിയർ ബാഡ്ജ് വിതരണവും ബോധവത്കരണ സെമിനാറും നടത്തി. കോതമംഗലം റോട്ടറി ഭവനിൽ സംഘടിപ്പിച്ച പരിപാടി സ്കൂൾ വിദ്യാർഥികൾക്ക് തൂഫാൻ വാരിയർ ബാഡ്ജ് നൽകി കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. സാദിഖ് ഉദ്ഘാടനം ചെയ്തു.
റോട്ടറി ക്ലബ് പ്രസിഡന്റ് ജെബിൻ എം. പുതുക്കയിൽ അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല റോട്ടറി ക്ലബ്ബിന് അയച്ച സന്ദേശം ഡോ. ടി.എം. എബിൻ വേദിയിൽ വായിച്ചു. ലഹരിമുക്ത പ്രതിജ്ഞ പ്രഫ. ഡോ. ഷാജൻ കുര്യാക്കോസ് ചൊല്ലിക്കൊടുത്തു.
പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ സോണി തോമസ്, ജോയി പോൾ, തുടർ പ്രോജക്ടുകളുടെ ചെയർമാൻ അഡ്വ. കെ.ഐ. ജേക്കബ് ബേസിൽ കൊറ്റാഞ്ചേരിയിൽ, ഷാലു ജെബിൻ എന്നിവർ പ്രസംഗിച്ചു.
District News
പുതുക്കാട്: സമ്മിശ്ര കൃഷിരീതിയിലൂടെ മണ്ണിൽ പൊന്നുവിളയിച്ച് ബിന്ദു ജയദാസ്. സ്വന്തമായുള്ള രണ്ടേക്കറിലും ഒരേക്കർ പാട്ട ഭൂമിയിലുമാണ് വിപുലമായ കാർഷിക സംരംഭങ്ങൾ വിജയകരമായി നടത്തുന്നത്.
സമ്മിശ്ര കൃഷിരീതിയിലൂടെ പുതുക്കാട് പഞ്ചായത്തിന്റെ മികച്ച കർഷകയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. നെല്ല്, വാഴ, തെങ്ങ്, കവുങ്ങ്, മരച്ചീനി, വിവിധതരം പച്ചക്കറികൾ, റന്പൂട്ടാൻ എന്നിവയ് ക്കു പുറമേ, പശു, ആട്, കോഴി, താറാവ്, മീൻ വളർത്തൽ എന്നിവയുമുണ്ട്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ഭർത്താവ് ജയദാസിന്റെ പൂർണ പിന്തുണയാണ് ബിന്ദുവിന്റെ നേട്ടത്തിനു പിന്നിൽ.
സൗദിയിലെ അധ്യാപകവൃത്തി ഉപേക്ഷിച്ച് അഞ്ചുവർഷം മുന്‍പാണു കാർഷിക രംഗത്തേക്കു വന്നത്. ഹൃദയാരോഗ്യം മോശമായതോടെ ജയദാസും മണ്ണിലേക്കിറങ്ങി. കഴിഞ്ഞവർഷം ബിന്ദുവിന് പക്ഷാഘാതമുണ്ടായെങ്കിലും എല്ലാ തടസങ്ങൾക്കും മണ്ണ് ധൈര്യമേകി. രണ്ടേക്കർ സ്ഥലത്ത് രണ്ടായിരത്തിലേറെ വാഴകളും ഒരേക്കർ സ്ഥലത്തു മരച്ചീനിയും വിളയുന്നു. മൂന്നു കുളങ്ങളിലായാണ് മത്സ്യക്കൃഷി.
മറ്റേതു തൊഴിലിനേക്കാളും കൃഷി സംതൃപ്തിയും മികച്ച വരുമാനവുമാണ് നൽകുന്നതെന്നു ബിന്ദു പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ 222 മികച്ച കർഷകരെ ആദരിക്കുന്നതിന്റെ ഭാഗമായാണു ബിന്ദുവിനെ മികച്ച സമ്മിശ്ര കർഷക പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
District News
ഗുരുവായൂർ: ജൈവകൃഷിയിൽ 10 വർഷം പിന്നിട്ട് ഗുരുവായൂർ ബ്രഹ്മകുളം കറുത്തേടത്ത് ഷീജ. സ്വന്തം വീട്ടിലേയും പാട്ടത്തിനെടുത്ത ഭൂമിയിലുമായി പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ, കിഴങ്ങുവർഗങ്ങൾ തുടങ്ങി വൈവിധ്യമാർന്ന രീതികളാണ് അവലംബിക്കുന്നത്.
വിഷരഹിതവും സുരക്ഷിതവുമായ കൃഷിരീതികളാണു പിന്തുടരുന്നത്. ജൈവവളം സ്വന്തമായി തയാറാക്കും. കാലവസ്ഥക്കനുസരിച്ച് വിളകൾ മാറ്റിയാണ് കൃഷിരീതി. ദിവസത്തിലെ ഒട്ടുമിക്ക സമയവും കൃഷിയിടത്തിൽ ചെലവിടുന്ന ഷീജയ്ക്കു ജീവനും ജീവിതവും കൃഷിതന്നെ.
പാവക്ക, പടവലം, തക്കാളി, വെണ്ട, ചേന, ചേന്പ്, കോവയ്ക്ക, പയർ, കാരറ്റ്, കുന്പളം, മത്തൻ, ചീര, മഞ്ഞൾ തുടങ്ങിയ വിളകളാണ് കൃഷിചെയ്യുന്നത്. കാർഷികോത്പന്നങ്ങൾക്ക് ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ വിപണി കണ്ടെത്തുന്നു.
ഗുരുവായൂർ ഫാർമേഴ്സ് ക്ലബ് സാരഥി കെ.പി.എ റഷീദിന്റെ പ്രോത്സാഹനവും പിന്തുണയും ഏറെയുള്ളതായും കൃഷിഭവൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പിന്തുണ നൽകാറുണ്ടെന്നും ഷീജ പറഞ്ഞു. മികച്ച കർഷകക്കുള്ള നഗരസഭയുടെ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. കൃഷിയെ ഒരു ജീവിതശൈലിയായി സ്വീകരിച്ച് പ്രകൃതിയോട് ചേർന്ന് മുന്നേറുന്ന ഇവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ അഭിനന്ദനവും അംഗീകാരവും നേടിയിട്ടുണ്ട്.
District News
ചെന്ത്രാപ്പിന്നി: മട്ടുപ്പാവിൽ ചെണ്ടുമല്ലി വസന്തം വിരിയിച്ച് അഞ്ചാംക്ലാസുകാരൻ. എടത്തിരുത്തി പഞ്ചായത്തിലെ മാങ്കര വട്ടിൽ സുജിത്ത് - സ്റ്റെഫി ദന്പതികളുടെ മകൻ ഗൗതമാണ് കൃഷിയോടുള്ള ഇഷ്ടത്തിൽ മട്ടുപ്പാവിൽ പൂങ്കാവനമൊരുക്കിയത്.
ചെന്ത്രാപ്പിന്നി എസ്എൻ വിദ്യാഭവനിലെ വിദ്യാർഥിയായ ഗൗതം രണ്ടുവർഷമായി കൃഷിയിൽ സജീവമാണ്. പച്ചക്കറി നട്ടായിരുന്നു തുടക്കം. പിന്നീടു പൂക്കൃഷിയിലേക്കു ശ്രദ്ധ തിരിച്ചു. അമ്മൂമ്മയും മികച്ച ജൈവകർഷകയുമായ ഷീജ ഗുരുവായൂരാണു ഗൗതമിന്റെ പ്രചോദനം. അമ്മൂമ്മയിൽനിന്ന് കാർഷികരീതികൾ മനസിലാക്കിയ ഗൗതം, പഠനത്തോടൊപ്പം കൃഷിയും ജീവിതത്തിന്റെ ഭാഗമാക്കി.
മട്ടുപ്പാവിൽ ചെടിച്ചട്ടികളിൽ 120 ചെണ്ടുമല്ലി തൈകളാണ് നട്ടുവളർത്തിയത്. പരിമിതമായ സ്ഥലത്ത് ശാസ്ത്രീയ ജൈവക്കൃഷി നടത്താമെന്നാണു കുട്ടിക്കർഷകൻ കാട്ടിത്തരുന്നത്.
ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ കെ.കെ. വത്സരാജ് എംഎൽഎ ചെണ്ടുമല്ലി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, നാട്ടിക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതിപ്രകാശ്, വാർഡ് മെംബർ സാജിത അഷറഫ്, കൃഷി ഓഫീസർ കെ.എ. മേഘ എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: തിരുവോണത്തെ വരവേൽക്കാൻ മണ്ണിൽ പൊന്നുവിളയിക്കുകയാണ് സുനിത. വരടിയത്തെ ഒരു ടിവി കടയിൽ തുച്ഛമായ പ്രതിഫലത്തിനു ജോലി ചെയ്തിരുന്ന സുനിത ഇന്ന് മികച്ച കർഷകയാണ്. മുണ്ടൂർ മൈലാംകുളത്ത് അഞ്ചേക്കറിൽ നെൽകൃഷി, രണ്ടേക്കറിലെ ചെങ്ങാലിക്കോടൻ വാഴകൃഷി, വിവിധയിനം പച്ചക്കറികൾ... ഇങ്ങനെ തുടരുകയാണ് സുനിതയുടെ കാർഷികജീവിതം.
പതിനഞ്ചുവർഷം മുന്‍പ് കള്ളുചെത്തുകാരനായിരുന്ന ഭർത്താവ് ചന്ദ്രൻ പാന്പിനെ കണ്ടു ഭയന്ന് തെങ്ങിൽനിന്ന് വീണതോടെയാണ് സുനിതയുടെ പോരാട്ടം ആരംഭിച്ചത്. സുഷുമ്ന നാഡിക്ക് ഗുരുതര പരിക്കേറ്റ് ചന്ദ്രൻ കിടപ്പിലായി. വാർധക്യരോഗങ്ങളുമായി ചന്ദ്രന്റെ പിതാവും അവശതയിൽ. മകൾക്ക് മൂന്നര വയസുമാത്രം. എല്ലാവരും തന്റെ പരിചരണവും ശുശ്രൂഷയും ആവശ്യമുള്ളവർ. എവിടേക്കും ജോലിക്ക് പോകാനാവാത്ത സാഹചര്യം.
പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടപ്പോഴാണ് കൃഷി ചെയ്താലോ എന്ന ചിന്തയുണ്ടായത്. ബന്ധുവിന്റെ രണ്ടരയേക്കർ കൃഷിയിടം പാട്ടത്തിനുവാങ്ങി. ആദ്യമായി 250 ചെങ്ങാലിക്കോടൻ വാഴനട്ടു. നേന്ത്രവാഴ, വെണ്ട, പയർ, മത്തൻ, കുന്പളം എന്നു തുടങ്ങി പലതരം കൃഷികൾ പരീക്ഷിച്ചു. മുൻപ് ഭർത്താവിന്റെ അച്ഛനൊപ്പം പാടത്തും കൃഷിയിടത്തും സഹായിയായത് മാത്രമായിരുന്നു പരിചയം.
ഓണം, വിഷു തുടങ്ങി സീസണുകൾക്ക് അനുസൃതമായി കൃഷിചെയ്യാൻ തുടങ്ങിയതോടെ കൃഷി ലാഭമായി. അഞ്ചേക്കർ പാടത്ത് നെൽകൃഷിയും തുടങ്ങി. ഇപ്പോൾ പച്ചക്കറി കൃഷിക്കൊപ്പം മീൻവളർത്തൽ, തേനീച്ച കൃഷി, തണ്ണിമത്തൻ, കുക്കുംന്പർ, വെള്ളരി അങ്ങനെ ജീവിതം കൃഷിയിൽ ഭദ്രമായി. വിരിപ്പ് ജ്യോതിയും മുണ്ടകൻ ഉമയും വിതച്ച് നെൽകൃഷിയും സമയബന്ധിതമായി നടത്തുന്നു. ഒരു പശുവിനെയും വളർത്തുന്നുണ്ട്. ഡിസംബർ-ജനുവരിയോടെ കൊയ്ത്ത് പൂർത്തിയാകുന്പോൾ ഇടവിള കൃഷിയും തുടങ്ങാനുള്ള തയാറെടുപ്പിലാണ് സുനിത.
ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവന്ന ചന്ദ്രന്റെ ചികിത്സകൾ, എട്ടുവർഷം മുന്‍പ് പിതാവ് മരിച്ചതുവരെയുള്ള പരിചരണം, മകളുടെ പഠനച്ചെലവുകൾ, നിത്യജീവിത ചെലവുകൾ തുടങ്ങിയവയെല്ലാം ആർക്കുമുന്നിലും കൈനീട്ടാതെ കൃഷിയിലൂടെ നടത്താനായെന്നു പറയുന്പോൾ സ്വപ്രയത്നത്തിലുള്ള അഭിമാനവും പ്രകൃതിയോടുള്ള കടപ്പാടുമാണ് സുനിതയുടെ വാക്കുകളിൽ.
35 വയസിൽ തുടങ്ങിയ അധ്വാനം 52 വയസിലും തുടരുകയാണ്. 56 കാരനായ ഭർത്താവും പതിനേഴുകാരിയായ മകളുമടങ്ങുന്ന ജീവിതം സ്വസ്ഥം. മകൾ കൃഷ്ണവേണി കോയന്പത്തൂരിൽ ബിഎസ്സി ഡയാലിസിസ് പഠനത്തിന് ചേർന്നു. കിടപ്പിലായിരുന്ന ചന്ദ്രന് ഇപ്പോൾ വീൽചെയറിലിരിക്കാനും പിടിച്ചുനടക്കാനും മുച്ചക്ര വാഹനത്തിൽ പുറത്ത് സഞ്ചരിക്കാനും കഴിയുന്നുണ്ട്. പ്രതിസന്ധികളിൽ തളരാതെ ജീവിതം നട്ടുനനച്ചെടുത്ത ജീവിതകഥ പങ്കുവച്ച് കൊയ്തു തുടങ്ങിയ വിരിപ്പുപാടത്ത് സുനിതയുണ്ട്- പെണ്‍കരുത്തിന്റെ പ്രതീകമായി.
District News
പെരിഞ്ഞനം: കൃഷി ജീവനും ജീവിതവുമാക്കിയയാൾ. അന്‍പത്താറുകാരനായ ഈ കർഷകനെ ഇങ്ങനെയല്ലാതെ വിശേഷിപ്പിക്കാനാകില്ല. ജോർജ് അതിയുന്തന്‍ ജീവിതത്തിന്റെ ഭാഗമാണു കൃഷി. മണ്ണിലിറങ്ങാത്ത ഒരു ദിവസവുമില്ല. അതല്ലാതെ മറ്റൊരു വരുമാനവുമില്ല.
പെരിഞ്ഞനം മൂന്നാം വാർഡിലെ അന്‍പതു സെന്റ് പുരയിടത്തിലാണ് പശു ഫാമും മീൻവളർത്തലുമടക്കമുള്ളത്. പാട്ടത്തിനെടുത്ത സ്ഥലത്താണു കൂടുതൽ കൃഷി.
മൾച്ചിങ് ഷീറ്റ് പ്രയോജനപ്പെടുത്തിയാണ് കൃഷി. ഭാര്യ മോളിക്കാണ് ഫാമിന്റെ ചുമതല. ഒരു സമയത്ത് പശുക്കളും എരുമയും ഉൾപ്പെടെ ഇരുപത് ഉരുക്കൾ ഫാമിൽ ഉണ്ടായിരുന്നു. ക്വാളിറ്റി കണ്ട്രോൾ ഗാര്മെന്റ്സിൽ ക്വാളിറ്റി കണ്ട്രോളർ ആയും ദുബായിൽ ഷിപ്പിയാർഡിലും ജോലി ചെയ്ത ജോർജ് നാട്ടിലെത്തി കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.
വളമിടൽ ഒഴിച്ചു ബാക്കി കൃഷിപ്പണികളെല്ലാം ഒറ്റയ്ക്കാണ്. കടകളിലും കൊറ്റനല്ലൂർ മാർക്കറ്റിലുമാണ് വിൽപന. 2019ൽ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പച്ചക്കറി കർഷകനുള്ള പുരസ്കാരം നേടി. ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി. ഈവർഷം മതിലകം ബ്ലോക്ക്തല മികച്ച സംയോജിത കർഷകനുള്ള ആത്മ പുരസ്കാരം നേടി.
പ്രളയത്തിൽ മത്സ്യക്കൃഷി നശിച്ചു വൻ നഷ്ടമുണ്ടായെങ്കിലും ജോർജ് തളർന്നില്ല. നഷ്ടപ്പെട്ടതൊക്കെ ഉത്സാഹംകൊണ്ടു തിരിച്ചുപിടിച്ചു. കൃഷി ലാഭമല്ലെന്ന് പറയുന്നവരോട് ജോർജിന് ഒന്നേ പറയാനുള്ളൂ - നന്നായി ചെയ്താൽ നഷ്ടമുണ്ടാകില്ല. ജീവിതം കളറാകാൻ കൃഷി മതി.
District News
കാടുകുറ്റി: കോടികൾ മുടക്കിയ കാതിക്കുടം ചാത്തൻചാൽ കാർഷികപദ്ധതി പൂർത്തിയാക്കാത്തതിൽ ആശങ്ക. മാർച്ചിൽ പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും മാസങ്ങളായി നിർമാണം നിലച്ചു. പദ്ധതിക്ക് ഇനിയും മൂന്നരക്കോടി വേണമെന്നാണ് അധികൃതരുടെ നിലപാട്.
സംസ്ഥാന ബജറ്റിൽ ചാൽ നവീകരണം ഉൾപ്പെടുത്തിയെങ്കിലും തുക വകയിരുത്തിയില്ല. വി.എസ്. സുനിൽകുമാർ കൃഷിമന്ത്രിയായിരുന്നപ്പോഴായിരുന്നു പദ്ധതി ഉദ്ഘാടനം. നബാർഡ് സഹായത്തിൽ കെ എൽഡിസി നേതൃത്വത്തിൽ 7.27 കോടി ചെലവിട്ടു രണ്ടു റീച്ചുകളിലായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.
ഒന്നാം റീച്ചിൽ 1,450 മീറ്റർ പാർശ്വഭിത്തി നിർമാണം, 500 മീറ്റർ ഫാംറോഡ്, 1,250 മീറ്റർ ആഴംകൂട്ടൽ, രണ്ട് ഫൂട്ട് സ്ലാബുകൾ എന്നിവയും രണ്ടാംറീച്ചിൽ 1,410 മീറ്റർ തോട് ആഴംകൂട്ടൽ, 300 മീറ്റർ ഫാം റോഡ്, ഫൂട്ട് സ്ലാബ്, 900 മീറ്ററിൽ പാർശ്വഭിത്തികൾ കരിങ്കൽ കെട്ടിസംരക്ഷിക്കൽ എന്നിവ ഉൾപ്പെടുത്തി.
നിർമാണം ആരംഭിച്ചെങ്കിലും കരാറുകാരൻ പാതിവഴിയിൽ ഉപേക്ഷിച്ചു. പ്രതിഷേധത്തിനൊടുവിൽ റീ ടെൻഡർ പൂർത്തിയാക്കി നിർമാണം തുടങ്ങിങ്കെിലും പാർശ്വഭിത്തി നിർമാണം, ചേറുനീക്കൽ, പെരുംതോടിന്റെ നിർമാണം എന്നിവ ബാക്കിയാണ്. കരിന്പനക്കാവ് പാടശേഖരംവരെ പാർശ്വഭിത്തി കെട്ടി നീരൊഴുക്കു സുഗമമാക്കണം. കർഷകർക്കു ഗുണപ്പെടുന്ന രീതിയിൽ അധികൃതർ ഇടപെടുന്നില്ലെന്നാണു പരാതി.
കാടുകുറ്റി പഞ്ചായത്തിലെ പാടശേഖരങ്ങളിലൊന്നാണു ചാത്തൻചാൽ. ചാലക്കുടി പുഴയുമായി ബന്ധപ്പെട്ട പദ്ധതി, കൊരട്ടി, കാടുകുറ്റി പഞ്ചായത്തുകളിലെ കട്ടപ്പുറം, അന്നനാട്, കക്കാട്, കരിന്പനക്കാവ്, കണ്ണഞ്ചിറ പാടശേഖരങ്ങൾക്കും ഏക്കറുണക്കിന് കരഭൂമികൾക്കും ജലം ലഭിക്കാനും അധികജലം ഒഴിവാക്കാനും സഹായിക്കും. 500 ഹെക്ടറോളം കൃഷിക്കും ഏഴ് ജലസേചന പദ്ധതികൾക്കും പത്തിലേറെ ചെറുകിട ജലസേചന പദ്ധതികൾക്കും പ്രയോജനം ലഭിക്കും. തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കാനും ഇരുപ്പൂക്കൃഷി ആരംഭിക്കാനും സഹായിക്കും.
District News
ഓണമായാൽ മലയാളിയുടെ മനസിലും ഒരു പൂക്കാലം വിരിയും. സോഷ്യൽ മീഡിയയിലും സംഗീത പ്ലാറ്റ്ഫോമുകളിലും പുതിയ ഓണപ്പാട്ടുകൾ നിരവധിയെത്തുന്ന കാലമാണിത്. ആഘോഷത്തിന്റെ താളവും പുതുമയുടെ ശബ്ദവും നിറഞ്ഞ പാട്ടുകൾക്കിടയിൽ, ചില പാട്ടുകൾ നമ്മെ പിടിച്ചിരുത്തും. കേൾക്കുന്പോൾ ഇന്നിൽനിന്ന് പതുക്കെ പഴയൊരു കേരളത്തിലേക്കു മനസു സഞ്ചരിക്കും ഒപ്പം ഹൃദയവും.
"ഓണം പൊന്നോണം... കൊടിയേറും പൂവിളിയായ്...’ എന്നു തുടങ്ങുന്ന ഈ ഓണപ്പാട്ടും അത്തരത്തിലൊന്നാണ്. നമ്മൾ ക്രിയേഷൻസിന്റെ ബാനറിൽ "പൊന്നാവണി തിങ്കൾ' എന്ന ആൽബത്തിലെ ഈ പാട്ട് കേൾക്കുന്പോൾ ഓണം ഒരു ആഘോഷം മാത്രമല്ല, ഒരു കാഴ്ചയായി മുന്നിലെത്തുന്നു. പൂക്കളും പൂവിളികളും നിറഞ്ഞ മുറ്റങ്ങൾ, വയലുകൾ, വള്ളംകളിയുടെ താളം, ഓളങ്ങളോട് കാറ്റു പറയുന്ന കിന്നാരം, പൊന്നാര്യൻ നിറഞ്ഞ പാടങ്ങൾ... മലയാളിയുടെ ഓർമകളിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന പഴയ ഓണക്കാലത്തിന്റെ ചിത്രങ്ങളാണ് പാട്ട് വരച്ചിടുന്നത്.
ലിജോഷ് വേഴപ്പിള്ളിയുടെ വരികൾക്ക് ഇന്പമാർന്ന സംഗീതം നൽകിയിരിക്കുന്നത് ഒാടക്കുഴൽവാദകൻ കൂടിയായ ജോസഫ് മാടശേരിയാണ്. സംവിധാനവും അദ്ദേ ഹംതന്നെ.
കടമക്കുടിയുടെ ദൃശ്യഭംഗി ശ്രീവിശ്വേഷ് ബാബു ജീവനോ ടെ പകർത്തിയിരിക്കുന്നു.
District News
കാട്ടൂര്‍: കൃഷിയിറക്കി വിളവെടുത്ത ഉത്പന്നങ്ങള്‍ നല്‍കിയിട്ടും പണം ലഭിക്കാതെ വന്നതോടെ കര്‍ഷകദിനത്തില്‍ കര്‍ഷകനും കുടുംബവും നിരാഹാരസമരത്തില്‍. കാട്ടൂര്‍ സ്വദേശി കടവില്വീട്ടില് അനില്‍കുമാറും ഭാര്യ നീതുവും 77 വയസുള്ള മാതാവ് തങ്കമണിയുമാണ് കര്‍ഷകദിനാഘോഷം നടക്കുന്ന വേദിക്കുമുന്നില്‍ ഇന്നുരാവിലെ 10 മുതല്‍ നിരാഹാരസമരം നടത്തുന്നത്.
കാട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസിന് 200 കിലോയിലധികം തണ്ണിമത്തനും പൊട്ടുവെള്ളരിയും നല്‍കിയെങ്കിലും രണ്ടര വര്‍ഷമായിട്ടും പണം ലഭിച്ചില്ലെന്നാണ് അനില്‍കുമാറിന്റെ പരാതി. വിളകള്‍ നല്കി ഒരാഴ്ചകഴിഞ്ഞ് പണം ആവശ്യപ്പെട്ടപ്പോള്‍ സാധനങ്ങള്‍ കൊണ്ടുപോയത് ആരാണെന്ന് ഓര്‍മയില്ല എന്ന മറുപടിയാണ് അധികൃതരില്‍നിന്ന് ലഭിച്ചത്.
സംഭവത്തില്‍ പോലീസിനും പഞ്ചായത്ത് അധികൃതര്‍ക്കും പരാതിനല്‍കിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. നാല് ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്താണ് അനില്‍കുമാര്‍ കൃഷിചെയ്തിരുന്നത്.
പകല്‍ വെല്‍ഡിംഗ് ജോലിക്ക് പോയി ലഭിക്കുന്ന വരുമാനത്തിനൊപ്പം ഒഴിവുസമയങ്ങളില്‍ കൃഷിയിടത്തില്‍ പണിയെടുത്താണ് കുടുംബം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ കൃഷിയില്‍നിന്നുള്ള വരുമാനം ലഭിക്കാതെ വന്നതോടെ കൃഷിതന്നെ നിര്ത്തേണ്ടിവന്നിരിക്കുകയാണ്.
വിളവെടുത്ത് നല്കിയ ഉത്പന്നങ്ങളുടെ പണംലഭിക്കാതെ വന്നതിലുള്ള പ്രതിഷേധമാണ് കര്‍ഷകദിനത്തില്‍ കുടുംബത്തെ നിരാഹാരത്തിലേക്ക് നയിച്ചത്. കര്‍ഷകദിനം ആഘോഷിക്കുമ്പോള്‍ തന്നെ വിളവിന്റെ വിലയ്ക്കായി ഒരു കര്‍ഷകകുടുംബം സമരത്തിലിരിക്കേണ്ടിവരുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്നാണ് നാട്ടുകാ രുടെ ആരോപണം.
District News
മാള: കുഴിക്കാട്ടുശേരി മരിയ തെരേസ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനംനിർവഹിച്ചു.
നഴ്സിംഗ് ഹോസ്റ്റലിന്റെ ഉദ്ഘാടനവും ബിഷപ്പ് നിർവഹിച്ചു. ഒരുവർഷം നീളുന്ന ജൂബിലിക്ക് ആരംഭമായി വിശുദ്ധ മറിയം ത്രേസ്യ - ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥാടന കേന്ദ്രത്തിൽനിന്നു ആശുപത്രിയിലേക്ക് ദീപശിഖപ്രയാണം നടന്നു. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ മുൻ സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. മദർ മേരി പാസ്റ്റർ ആമുഖസന്ദേശം നൽകി ദീപിക പ്രയാണം ഫ്ലാഗ് ഓഫ് ചെയ്തു. പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ഡോ. ട്രീസ ജോസഫ് ദീപശിഖ കബറിടത്തിൽനിന്നു തെളിയിച്ചുനൽകി.
ആശുപത്രി അഡ്മിനിസ് ട്രേറ്റർ സിസ്റ്റർ ഡെയ്സി മരിയ ദീപശിഖ സ്വീകരിച്ചു. തുടർന്ന് മാർ പോളി കണ്ണുക്കാടന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പണം നടന്നു. പൊതുസമ്മേളനത്തിൽ അസോസിയേറ്റ് അഡ്മിനിസ് ട്രേറ്റർ സിസ്റ്റർ ആൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ, വാർഡ് അംഗം ഹേമന്ത്, രഞ്ജിത, ആശുപത്രി ചാപ്ലിൻ ഫാ. ഡേവിസ് അമ്പൂക്കൻ, തുമ്പൂർ പള്ളി വികാരി ഫാ. സിബു കള്ളാപറമ്പിൽ, ജോബി പറോക്കാരൻ, സിസ്റ്റർ എൽസി കോക്കാട്ട് സിസ്റ്റർ മരിയ ജോൺ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: നിര്‍മാണോദ് ഘാടനം കഴിഞ്ഞ് ഒമ്പതുമാസം പിന്നിട്ടിട്ടും മഹാത്മാഗാന്ധി പാര്‍ക്ക് നവീകരണം എങ്ങുമെത്തിയില്ല. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കാനിരുന്ന പാര്‍ക്കിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ പ്രദേശം വീണ്ടും കാടുകയറുകയാണ്.
കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപത്തെ പഴയകാല കളിസ്ഥലമായ മഹാത്മാഗാന്ധി പാര്‍ക്ക് നവീകരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ടായ 35 ലക്ഷം രൂപ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചത്. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍ മുന്കൈയെടുത്തതിനെത്തുടര്ന്നാണ് പദ്ധതിക്ക് അനുമതി ലഭിച്ചത്. 42 സെന്റില്‍ വ്യാപിച്ചുകിടക്കുന്ന പാര്‍ക്കില്‍ കിഴക്കുഭാഗത്ത് കുട്ടികളുടെ പാര്‍ക്ക്, മധ്യഭാഗത്ത് ഓപ്പണ്‍ ജിം, പടിഞ്ഞാറുഭാഗത്ത് ബോള്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവ ഒരുക്കാനായിരുന്നു പദ്ധതി. ഇതിനാവശ്യമായ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കല്‍ അനുമതികളും ലഭിച്ചിരുന്നു. പാര്‍ക്ക് നവീകരണത്തിനായി ആദ്യം ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പണി ഏറ്റെടുക്കാന്‍ ആരും തയാറായില്ല.
തുടര്‍ന്ന് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചതോടെയാണ് കരാറുകാരനെ കണ്ടെത്തിയത്. ഇതിനുപിന്നാലെ കഴിഞ്ഞ നവംബറില്‍ ജനകീയ പങ്കാളിത്തത്തോടെ നിര്മാണോദ്ഘാടനംനടത്തി.
എന്നാല്‍ ഇതുവരെ നടന്നത് നടപ്പാതയുടെ കോണ്‍ക്രീറ്റിംഗ് മാത്രമാണ്. പാര്‍ക്കിന്റെ പടിഞ്ഞാറുഭാഗത്തെ പ്രവേശനകവാടത്തിനായി സ്ഥാപിച്ച രണ്ട് കോണ്‍ക്രീറ്റ് തൂണുകളും പാതിവഴിയില്‍ നില്‍ക്കുകയാണ്. നിര്മാണംനിലച്ചതോടെ പാര്‍ക്കിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗം കാടുകയറിത്തുടങ്ങി. നടപ്പാതയിലും അരികുകളിലും ചെടികള്‍ പടര്‍ന്നുകയറിയ നിലയിലാണ്.
നടപ്പാതയില്‍ കട്ടവിരിക്കല്‍, ഫെന്‍സിംഗ്, പ്രവേശനകവാടത്തിന്റെ നിര്‍മാണം എന്നിവയാണ് കരാറുകാരന് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ജൂലൈ 31നകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പണി പൂര്‍ത്തിയായിട്ടില്ല.
മഴ തുടരുന്നതാണ് നിര്‍മാണം വൈകാനുള്ള കാരണമെന്നാണ് കരാറുകാരന് അറിയിച്ചിരുന്നത്. നടപ്പാത, ഫെന്‍സിംഗ്, കവാടം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷമാണ് കുട്ടികളുടെ പാര്‍ക്ക്, ഓപ്പണ്‍ ജിം, ബോള്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് എന്നിവയുടെ നിര്‍മാണത്തിലേക്ക് കടക്കുക. നഗരസഭ എൻജിനീയറിംഗ് വിഭാഗത്തിനാണ് പദ്ധതിയുടെ മേല്‍നോട്ടച്ചുമതല.
District News
മാള: കാർമൽ കോളജിൽ ബിരുദദാന ചടങ്ങ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനംചെയ്തു. ഇരിങ്ങാലക്കുട ഉദയ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും കോളജ് മാനേജരുമായ സിസ്റ്റർ ധന്യ സിഎംസി അധ്യക്ഷയായി.
ഡെപ്യൂട്ടി കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. റോഷ്നി തുമ്പക്കര അക്കാദമിക് റിപ്പോർട്ട് സമർപ്പിച്ചു. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർഥികളുടെ ബിരുദസമർപ്പണം കൊമേഴ്സ് ആൻഡ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡീൻ ഡോ. പി. രമ നിർവഹിച്ചു. സയൻസ് വിഭാഗം ഡീൻ പ്രഫ.കെ.ബി. ബിന്ദു ബിരുദധാരികൾക്ക് പ്രതിജ്ഞചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. റിനി റാഫേൽ , വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ജിഷ ചാക്കുണ്ണി, ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ ഡോ. ജിയോ ജോസഫ്, ആർട്സ് വിഭാഗം ഡീൻ ഡോ. മെറിൻ ഫ്രാൻസിസ്, പൂർവ വിദ്യാർഥിനി ഡോ. റിയ ജോൺസൺ എന്നിവർ സംസാരിച്ചു.
District News
ചാലക്കുടി: സോഷ്യലിസ്റ്റ് നേതാവും കർഷകനുമായിരുന്ന ആഗസ്തി മോറേലി വരുംതലമുറകൾക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരുന്നുവെന്ന് ആർജെഡി സംസംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ എംഎൽഎ അഭിപ്രായപ്പെട്ടു. സോഷ്യലിസ്റ്റ് നേതാവും കർഷകനുമായിരുന്ന ആഗസ്തി മോറേലി സ്മാരക അവാർഡ് സംവിധായകൻ ഷൈസൺ പി.ഔസേഫിന് സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആര്‍ജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിന്‍ മോറേലി അധ്യക്ഷനായി. സനീഷ്കുമാര് ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
പിഎസ്സി അംഗം ഡോ.സി.കെ. ഷാജിബ്, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, സിഎഫ് ലോ കോളജ് മാനേജർ പി.ജെ. മാത്യു, തിരക്കഥാകൃത്ത്സിബി കെ. തോമസ്, ഫാ വര്‍ഗീസ് പാത്താടന്‍, ജോർജ് വി. ഐനിക്കൽ, ആനി ജോയ് എന്നിവര്‍ പ്രസംഗിച്ചു. അവാർഡ് ജേതാവ് ഷൈ സൺ പി.ഔസേഫ് മറുപടിപ്രസംഗം നടത്തി.
District News
കൊരട്ടി: തിരുമുടിക്കുന്ന് പിഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നവീകരിച്ച സെന്റർ ഫോർ ലേണിംഗ് ആൻഡ് ഡെവലപ്മെന്റ് സെന്റർ ‘ബോധിനി’ പ്രവർത്തനമാരംഭിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്ക് ബോർഡ് അംഗം അഡ്വ. ബെന്നി പയ്യപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. കോർപറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ യോഗം ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ ഫാ.ഡോ. പോൾ മൂഞ്ഞേലി അധ്യക്ഷതവഹിച്ചു. പിടിഎ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ലിജോ ജോസ്, വാർഡ് മെമ്പർ നിത ജോയ്, പ്രിൻസിപ്പൽ കെ.ജെ. ജെയ്ഷ, ഹെഡ്മിസ്ട്രസ് ഫോൺസി വർഗീസ്, പള്ളി ട്രസ്റ്റിമാരായ ഷിബു തയ്യിൽ, ബെന്നി വല്ലൂരാൻ, ഡിംബിൾ പ്രസംഗിച്ചു.
District News
ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവും കരുതലുമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കെസിവൈഎമ്മിന്റെ നേതൃത്വത്തില്‍ കേശദാനം മഹാദാനം പരിപാടി സംഘടിപ്പിച്ചു.
അമല കാന്‍സര്‍ സെന്ററുമായി സഹകരിച്ചാണ് രോഗികള്‍ക്കായി മുടി മുറിച്ചു നല്കുന്ന പരിപാടി സംഘടിപ്പിച്ചത്. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. വിപിന്‍ വേരന്‍പിലാവ് ഉദ്ഘാടനംനിര്‍വഹിച്ചു.
കെസിവൈഎം പ്രസിഡന്റ് പി.ഡി. ഡിജോ അധ്യക്ഷതവഹിച്ചു.കെസിവൈഎം വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ആനിമേറ്റര്‍ ജോസ് മാമ്പിള്ളി, സെക്രട്ടറി എം.വി. ആന്റണി, ട്രഷറര്‍ യേശുദാസ് മാമ്പിള്ളി, വൈസ് പ്രസിഡന്റ് അനഹ ജാക്സണ്, ജോ.സെക്രട്ടറി അനറ്റ് മരിയ എന്നിവര്‍ സംസാരിച്ചു.
District News
അതിരപ്പിള്ളി: മലയോര ഹൈവേയുടെ നിർമാണത്തിനായി കൊണ്ടുവന്ന കമ്പിയും മറ്റു നിർമാണ വസ്തുക്കളും മോഷണംനടത്തിയ മൂന്നുപേർ പിടിയിൽ. പുതുക്കാട് സ്വദേശി മിന്റോ, വെറ്റിലപ്പാറ സ്വദേശികളായ ശരത് രാജ്, വിഷ്ണു എന്നിവരെയാണ് അതിരപ്പള്ളി പോലീസ് പിടികൂടിയത്.
മിന്റോ കാപ്പ കേസിൽ നാടുകടത്തിയ ആളാണ്. ഇയാൾക്കതിരേ പുതുക്കാട്, വരന്തരപ്പിള്ളി സ്റ്റേഷനുകളിൽ എട്ടോളം കേസുകൾ ഉണ്ട്.നിർമാണംനടക്കുന്ന വൈശേരി മേഖലയിൽനിന്നു നിർമാണസാധനങ്ങൾ എടുക്കുന്നത് മലയോര ഹൈവേ നിർമാണ തൊഴിലാളി കാണുകയും മൊബൈലിൽ ദൃശ്യംപകർത്തുകയുമായിരുന്നു. പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് അതിരപ്പിള്ളി പോലീസ് ഇവരെ അറസ്റ്റ് ചെയ്തു.
മോഷ്ടിക്കുന്ന സാധനങ്ങൾ ചാലക്കുടിയിലെ ആക്രിക്കടയിൽ കൊണ്ടുപോയി കൊടുത്ത് മദ്യപിക്കുന്നതാണ് ഇവരുടെ ശീലം.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അതിരപ്പള്ളി എസ്എച്ച്ഒ മനീഷ് പൗലോസ്, എസ്ഐ മാരായ കെ.ഐ. മാർട്ടിൻ, സി.ഡി. ബിജു, ബൈജു, സിപിഓമാരായ രതീഷ്, രഞ്ജിത്ത് ലാൽ, ബിനോ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
District News
കൊടുങ്ങല്ലൂർ: ഓണം സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ഓപറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ മദ്യവില്പന നടത്തിയയാളെ എക്സൈസ് സംഘം പിടികൂടി.
അഴീക്കോട് ലൈറ്റ്ഹൗസ് തേവാലിൽ സ്മിജു (42)വാണ് പിടിയിലായത്. തീരദേശമേഖലയിൽ വ്യാപകമായി മദ്യക്കച്ചവടം നടത്തുന്നതായുള്ള പരാതിയിൽ സ്മിജു എക്സൈസ് നിരീക്ഷണത്തിൽ ആയിരുന്നു. മുൻപും മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് എക്സൈസിലും പോലീസിലും ഇയാൾക്കെതിരേ കേസുകളുണ്ട്.
സ്മിജുവിന്റെ ഫോൺ പരിശോധിച്ചതിൽ മദ്യവില്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ഇടപാടുകൾ നടന്നതായും എക്സൈസ് കണ്ടെത്തി. ഇൻസ്പെക്ടർ ജി. കിഷോർ, വനിത സിവിൽ എക്സൈസ് ഓഫീസർ എ.എസ്. സുധ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനായക്, കെ.എം. സിജാദ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ചിഞ്ചു പോൾ, എം.പി. ജിതിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.ആർ. സുനിൽകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.